| Thursday, 5th January 2023, 5:37 pm

എണ്ണിത്തിട്ടപ്പെടുത്താനാകാത്ത തെളിവുകളില്ലാത്ത സംഘടിതമായ നിഴല്‍ യുദ്ധം എനിക്കെതിരെ നടക്കുന്നു: ചിന്ത ജെറോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം. യുവജന കമീഷന്‍ അധ്യക്ഷയായത് മുതല്‍ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത തെളിവുകളില്ലാത്ത നിഴല്‍ യുദ്ധം സംഘടിതമായി തനിക്കെതിരെ നടന്നുവരുന്നുണ്ടെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നതും തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.

യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് ഒരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും വലിയ തുക കയ്യില്‍ വന്നാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നല്‍കുകയെന്നും ചിന്ത പറഞ്ഞു.

ഇത്രയും തുകയൊന്നും കൈവശം വയ്ക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അറിയാമെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

‘ചാനലിലെ ചില സുഹൃത്തുക്കളൊക്കെ വിളിച്ചു. എന്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ വാട്‌സാപ്പ് ചെയ്യണം എന്നാണ് വിളിച്ചവരോടൊക്കെ പറഞ്ഞത്.

ആരും എനിക്കിതുവരെ വാട്‌സാപ്പ് ചെയ്തുതന്നിട്ടില്ല. യുവജന കമ്മീഷനുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുള്ള രേഖകളാണ് എന്റെ കയ്യിലുള്ളത്. എനിക്ക് മുമ്പ് യുവജന കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച വ്യക്തി കോടതിയില്‍ ഒരു കേസിന് പോയിരുന്നു എന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായത്,’ ചിന്ത ജെറോം പറഞ്ഞു.

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയായ തന്റെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Content Highlight: Chinta Jerome, chairperson of Youth Commission, said that no letter has been sent to the government asking for salary increase

We use cookies to give you the best possible experience. Learn more