| Saturday, 2nd December 2023, 8:53 am

വക്കീലേ എന്ന് വിളിച്ചിട്ടാണ് ആളുകൾ വരുക; ഒരു വെള്ളിയാഴ്ച എന്റെ ജീവിതം മാറ്റിമറിച്ചു: ചിന്നു ചാന്ദിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. തമാശ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ചിന്നു ചാന്ദിനി. മമ്മൂട്ടിയുടെ വക്കീലായ സജിതയായിട്ടാണ് ചിന്നു കാതലിൽ എത്തിയത്.

ചിത്രത്തിലേക്ക് ചിന്നുവിനെ കാസ്റ്റ് ചെയ്തത് മമ്മൂട്ടിയാണ്. മമ്മൂട്ടി തന്നെ റെക്കമെന്റ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ചിന്നു ചാന്ദിനി. മമ്മൂട്ടി തന്നെ റെക്കമെന്റ് ചെയ്യുന്നതതിനെ എങ്ങനെ നിർവചിക്കണമെന്ന് തനിക്കറിയില്ല എന്ന് ചിന്നു പറഞ്ഞു. തമാശ സിനിമയിൽ അഭിനയിച്ചപ്പോഴൊക്കെ ആളുകൾ തന്നെ തിരിച്ച് അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വക്കീലേ എന്ന് വിളിച്ചാണ് എല്ലാവരും വരാറെന്നും ചിന്നു പറയുന്നുണ്ട്. ഒരു വെള്ളിയാഴ്‌ച തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നും ചിന്നു കൂട്ടിച്ചേർത്തു. വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിന്നു.

‘ ഇതെങ്ങനെ എക്സ്പ്ലൈൻ ചെയ്യണം എന്ന് എനിക്ക് അറിയില്ല. ഇന്ത്യൻ സിനിമയെടുത്ത് കഴിഞ്ഞാൽ തന്നെ പേര് എഴുതപ്പെടുന്ന ഒരു നടന് നമ്മൾ ജീവനോടെ ഉണ്ട് എന്നറിയാം. നമ്മുടെ വർക്ക് കണ്ടിട്ടുണ്ട്. കണ്ടിട്ടുണ്ടെന്നതിന് അപ്പുറം അദ്ദേഹത്തിന് ഇഷ്ടം ആയതുകൊണ്ടാണ് റെക്കമെന്റ് ചെയ്തത്. എനിക്കിപ്പോഴും അറിയില്ല എന്തു വാക്കുവെച്ച് അതിനെ നിർവചിക്കണം എന്നത്.

ഞാൻ പണ്ട് കണ്ട സ്വപ്നങ്ങളിൽ ഒക്കെ ഞാൻ ഇപ്പോൾ ജീവിക്കുകയാണ്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മമ്മൂക്കയുടെ ഒരു മൂവി കണ്ടിട്ട് അതിനകത്തുള്ള ചെറിയൊരു ക്യാരക്ടർ ഞാനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിനോടൊപ്പം തന്നെ അഭിനയിക്കാൻ പറ്റി, അതൊരുപാട് പേർ കാണുന്നു.

മുമ്പ് തമാശയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും അറിയും. പക്ഷേ വിനയേട്ടന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ലേ, അല്ലെങ്കിൽ ചാക്കോച്ചന്റെ സിനിമയിൽ എടുത്തെറിഞ്ഞ ആളല്ലേ, അങ്ങനെയൊക്കെയാണ് ചോദിക്കുക. ഇത് വക്കീലേ എന്ന് വിളിച്ചിട്ടാണ് വരുന്നത്. ഒരിക്കൽക്കൂടെ ഒരു വെള്ളിയാഴ്ച എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു,’ ചിന്നു ചാന്ദിനി പറയുന്നു.

Content Highlight: Chinnu chanthini about kathal the core

We use cookies to give you the best possible experience. Learn more