|

സിനിമയെ കൊമേഷ്യലി എങ്ങനെ കാണണമെന്ന് പഠിപ്പിച്ചത് ആ നടന്‍: ചിന്നു ചാന്ദിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമാശ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചിന്നു ചാന്ദ്നി. ഭീമന്റെ വഴി, കാതല്‍ എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിശേഷം എന്ന ചിത്രത്തിലെ ചിന്നുവിന്റെ പ്രകടനവും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ചിന്നു ചാന്ദിനി. തമാശ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വിനയ് ഫോര്‍ട്ടാണ് ഡയലോഗ് ഡെലിവറിയുടെ കാര്യം പറഞ്ഞ് തന്നതെന്നും സിനിമയെ കൊമേഷ്യലി എങ്ങനെ കാണണമെന്ന് പഠിപ്പിച്ചത് ചെമ്പന്‍ വിനോദ് ജോസ് ആണെന്നും ചിന്നു ചാന്ദിനി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകായായിരുന്നു ചിന്നു ചാന്ദിനി.

‘സിനിമയെ ഇപ്പോള്‍ ഞാന്‍ അറിഞ്ഞുതുടങ്ങി. പഠിക്കാനേറെയുണ്ട്. ധാരാളം അനുഭവങ്ങള്‍ സമ്പാദിക്കണം. തമാശയിലഭിനയിക്കുമ്പോള്‍ വിനയ് ചേട്ടന്‍ ഡയലോഗ് ഡെലിവറിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ പറഞ്ഞുതന്നിരുന്നു. പൊതുവേ, വളരെ വേഗത്തിലാണ് ഞാന്‍ സംസാരിക്കുക. ഒരു താളത്തില്‍, പ്രത്യേക ഒഴുക്കോടെ സംസാരിക്കാന്‍ പഠിച്ചത് തമാശയിലാണ്. ഭീമന്റെ വഴി എന്ന ചിത്രം ചെയ്യുമ്പോള്‍ അതെനിക്ക് ഏറെ ഗുണമായി വന്നു.

സിനിമയെ കൊമേഷ്യലി എങ്ങനെ കാണണമെന്ന് പഠിപ്പിച്ചത് ചെമ്പന്‍ ചേട്ടനാണ് (ചെമ്പന്‍ വിനോദ്). അങ്ങനെ, ഓരോരുത്തരില്‍ നിന്നും ഓരോരോ കാര്യങ്ങള്‍ പഠിക്കാറുണ്ട്.

സിനിമയാണ് എന്റെ ലക്ഷ്യം. വേറൊന്നും എനിക്ക് ചെയ്യേണ്ട. സാമ്പത്തികമായി റിസ്‌ക്കെടുക്കാന്‍ പറ്റാത്ത സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അനിയത്തി പഠിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലി വേണമായിരുന്നു. അനുരാഗ കരിക്കിന്‍വെള്ളവും കാപ്പുചീനോയും ചെയ്തശേഷം ഒരുപാട് സിനിമകളില്‍നിന്ന് അവസരങ്ങള്‍ വന്നിരുന്നു.

പിന്നീട് തമാശയില്‍ നല്ലൊരു വേഷം ലഭിച്ചു. അത് പ്രേക്ഷകര്‍ സ്വീകരിച്ചു. ഒപ്പം എന്റെ ഉത്തരവാദിതം കൂടി. ഇനി ഞാന്‍ ചെയ്യുന്ന സിനിമകള്‍ മോശമായാല്‍ പ്രേക്ഷകര്‍ക്ക് എന്നോടുള്ള ഇഷ്ടം പോവുമെന്ന് മനസിലായി. അങ്ങനെ, സെലക്ടീവായി. പിന്നീട് വന്ന ഭീമന്റെ വഴിയും കാതലും ഏറെ അഭിനന്ദനങ്ങള്‍ നേടിത്തരുകയും ചെയ്തു,’ ചിന്നു ചാന്ദിനി പറയുന്നു.

Content Highlight: Chinnu Chandni says Chemban Vinod Jose teaches her about approaching film commercially

Video Stories