ചിന്നു ചാന്ദ്‌നി, മലയാളസിനിമയുടെ പുതിയ വണ്ടര്‍ വുമണ്‍
Entertainment
ചിന്നു ചാന്ദ്‌നി, മലയാളസിനിമയുടെ പുതിയ വണ്ടര്‍ വുമണ്‍
അമര്‍നാഥ് എം.
Tuesday, 23rd July 2024, 3:05 pm

സാധാരണയിലുമധികം തടിയുള്ള സ്ത്രീകളെ തമാശക്കുള്ള ഉപകരണം മാത്രമായി കണ്ടിരുന്ന ഒരുകാലം മലയാളസിനിമയില്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ചിന്നു ചാന്ദ്‌നി എന്ന നടി സിനിമാലോകത്തേക്കെത്തിയത്. ഖാലിദ് റഹ്‌മാന്‍ ആദ്യമായി സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ രജിഷയുടെ കൂട്ടുകാരിയായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ചിന്നു മലയാളസിനിമയിലേക്ക് ചുവടുവെച്ചത്.

രണ്ടാമത്തെ ചിത്രമായ തമാശയില്‍ ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചിന്നുവിന്റെ കഥാപാത്രത്തെ വിനയ് ഫോര്‍ട്ട് ആദ്യമായി കാണുന്ന സീന്‍ തന്നെ അതിമനോഹരമായിരുന്നു. പാര്‍ക്കിലെ ബെഞ്ചില്‍ തടിച്ച ഒരു കുട്ടി മാത്രമേ ഉള്ളൂ എന്ന് വിനയ് ഫോര്‍ട്ട് പറയുമ്പോള്‍ അത് താനാണെന്ന് പറയുന്ന ചിന്നുവിന്റെ കഥാപാത്രം അതിമനോഹരമായ ഒന്നായിരുന്നു. ക്ലൈമാക്‌സില്‍ തന്റെ തടിയെക്കുറിച്ച് പറയുന്ന സീന്‍ ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണ്.

പിന്നീട് ചിന്നുവിനെ ശ്രദ്ധിച്ചത് അഷ്‌റഫ് ഹംസയുടെ രണ്ടാമത്തെ ചിത്രമായ ഭീമന്റെ വഴിയിലാണ്. പലപ്പോഴും തന്നെ കമന്റടിക്കുന്ന കൊസ്‌തേപ്പിനെ ക്ലൈമാക്‌സില്‍ മലര്‍ത്തിയടിക്കുന്ന ജൂഡോ ഇന്‍സ്ട്രക്ടര്‍ അഞ്ജുവായി താരം കൈയടി നേടി. അഞ്ജുവിന്റെ ഫൈറ്റില്‍ ആകൃഷ്ടനായി പ്രേമം തോന്നുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം മലയാളസിനിമയിലെ ഗതിമാറ്റിയ സീനുകളിലന്നായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രശംസ നേടിയ മമ്മൂട്ടി ചിത്രം കാതലിലും ചിന്നു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ അഡ്വക്കേറ്റായ സജിതയായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചിന്നുവിന് സാധിച്ചു. സൂരജ് ടോം സംവിധാനം ചെയ്ത വിശേഷമാണ് ചിന്നുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ നായികയായ സജിത ചിന്നുവിന്റെ കൈയില്‍ ഭദ്രമായിരുന്നു.

ഗാര്‍ഹികപീഡനം കാരണം സഹികെട്ട് ആദ്യവിവാഹത്തില്‍ നിന്ന് മോചിതയായ, മുന്നോട്ടുള്ള ജീവിതം തന്റെ മാത്രം ഇഷ്ടത്തിനാകണമെന്ന് ആഗ്രഹിക്കുന്ന സി.പി.ഓ സജിത തന്നെയാണ് വിശേഷത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. നായകന്റെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന കഥാപാത്രമാണ് ചിന്നു വിശേഷത്തില്‍ അവതരിപ്പിച്ചത്.

കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളാകത്തതുകൊണ്ട് മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നില്‍ നിസ്സഹായയായി പോകുന്ന സീനിലൊക്കെ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആദ്യ സിനിമ മുതല്‍ വിശേഷം വരെ എത്തി നില്‍ക്കുമ്പോള്‍ മലയാളസിനിമയുടെ പുതിയ വണ്ടര്‍ വുമണായി മാറിയിരിക്കുകയാണ് ചിന്നു ചാന്ദ്‌നി.

Content Highlight: Chinnu Chandni’s perfomance in Vishesham movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം