തമാശ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ചിന്നു ചാന്ദ്‌നി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടം നേടാന്‍ ചിന്നുവിന് സാധിച്ചു. തമാശയിലെ ചിന്നുവും ഭീമന്റെ വഴിയിലെ അഞ്ജുവും മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ്.കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട കാതലിലും ചിന്നു പ്രാധന വേഷം കൈകാര്യം ചെയ്തിരുന്നു.
അഡ്വക്കേറ്റ് സാജിത എന്ന കഥാപാത്രത്തെയാണ് ചിന്നു അവതരിപ്പിച്ചത്. കാതലിലേക്ക് തന്നെ റെക്കമെന്‍ഡ് ചെയ്തത് മമ്മൂട്ടിയാണെന്ന് പറയുകയാണ് ചിന്നു ചാന്ദ്‌നി. ഓഡിഷനും സ്‌ക്രീന്‍ ടെസ്റ്റുമില്ലാതെയാണ് തന്നെ കാതലിലേക്ക് വിളിച്ചതെന്നറിഞ്ഞപ്പോള്‍ സകല കിളികളും പറന്ന അവസ്ഥയായിരുന്നുവെന്ന് ചിന്നു പറഞ്ഞു. ഏത് സിനിമ കണ്ടിട്ടാണ് തന്നെ റെക്കമെന്‍ഡ് ചെയ്തതെന്ന് മമ്മൂട്ടിയോട് ചോദിക്കണമെന്ന് വിചാരിച്ചോ എന്ന ചോദ്യത്തിന് അതിനുള്ള ധൈര്യമൊന്നും താന്‍ കാണിച്ചില്ലെന്ന് ചിന്നു പ്രതികരിച്ചു.
ഓരോ സീന്‍ എടുക്കുന്നതിന് മുന്‍പും താന്‍ മമ്മൂട്ടിയുടെ അടുത്ത് ചെന്ന് നില്‍ക്കാറുണ്ടെന്നും ഒരുപാട് കാര്യങ്ങള്‍ ചോദിക്കാന്‍ പ്ലാന്‍ ചെയ്‌തെങ്കിലും അദ്ദേഹത്തോടുള്ള ഒന്നും ചോദിക്കാന്‍ പറ്റിയില്ലെന്നും ചിന്നു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വിശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിന്നു ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്ക റെക്കമെന്‍ഡ് ചെയ്താണ് എന്നെ കാതലിലേക്ക് വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ സമസ്ത കിളികളും പറന്ന അവസ്ഥയായിരുന്നു. ഓഡിഷനും സ്‌ക്രീന്‍ ടെസ്റ്റുമില്ലാതെ ‘യൂ ആര്‍ ഫിക്‌സ്ഡ് ഫോര്‍ ദിസ് ജോബ് ഫ്രം ദ റെക്കമെന്‍ഡേഷന്‍ ഓഫ്…’ എന്ന് കണ്ടപ്പോള്‍ തന്നെ സന്തോഷമായി. ഏത് സിനിമകണ്ടിട്ടാണ് റെക്കമെന്‍ഡ് ചെയ്തതെന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും ഞാന്‍ കാണിച്ചില്ല.
നമ്മള്‍ അത്രയും ആരാധിക്കുന്ന ഒരാള്‍ നമ്മുടെ വര്‍ക്ക് കണ്ട് ഒരു സിനിമയിലേക്ക് റെക്കമെന്‍ഡ് ചെയ്യുന്നത് നമ്മുടെ അച്ചീവ്‌മെന്റാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ സീനിന്റെ സമയത്തും ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് നില്‍ക്കും. ബ്രേക്കിന്റെ സമയത്ത് പുള്ളി പല കാര്യങ്ങളും പറയും. എന്തെങ്കിലുമൊക്കെ ചോദിക്കണമെന്നുണ്ടെങ്കില്‍ പോലും പുള്ളിയോടുള്ള ഭയവും ബഹുമാനവും കാരണം ഒന്നും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു,’ചിന്നു ചാന്ദ്‌നി പറഞ്ഞു.
Content Highlight: Chinnu Chandni about the shooting experience with Mammootty in Kaathal