2019 ല്‍ പുറത്തിറങ്ങിയ തമാശ എന്ന സിനിമയിലെ ചിന്നു എന്ന വളരെ സെന്‍സിബിളായ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച് കൊണ്ട് ചിന്നു ചാന്ദിനി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. 2016 ല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളമാണ് ചിന്നു ചാന്ദിനിയുടെ ആദ്യ സിനിമ. തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകൂടിയായ ചാന്ദിനി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയ്യറ്റര്‍ ആന്‍ഡ് ഫിലിമ്‌സില്‍ എംഫില്‍ നേടിയിട്ടുണ്ട്. ഭീമന്റെ വഴി, കാതല്‍, വിശേഷം തുടങ്ങിയ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചിന്നു ചാന്ദിനി അവതരിപ്പിച്ചിട്ടുണ്ട് .
സിനിമയില്‍ വന്നതിന് ശേഷം തനിക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ള സിനിമകള്‍ ഒന്നും വരുന്നില്ലെന്ന് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ചിന്നു ചാന്ദിനി പറയുന്നു.
‘എനിക്ക് ആളുകള്‍ക്ക് എന്താണ് വേണ്ടതെന്നറിയില്ല. എനിക്കിഷ്ട്ടപ്പെടുന്ന സിനിമകളുടെ ഭാഗമാകണമെന്നാണ് എനിക്കിപ്പോള്‍. കൊമേര്‍ഷ്യല്‍ സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സിനിമകള്‍ എനിക്ക് വരാറില്ല.’ ചിന്നു ചാന്ദിനി പറയുന്നു.
ചിന്നു ചാന്ദിനിയും ഷൈന്‍ ടോം ചാക്കോയും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിലെത്തുന്ന ‘താനാരാ’ എന്ന സിനിമയുടെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്ക് വെക്കുന്നു.
‘ഈ ഒരു ലുക്കില്‍ ഞാന്‍ ഇതുവരെ മറ്റൊരു സിനിമയില്‍ വന്നിട്ടില്ല. നമ്മുടെ കോസ്റ്റ്യൂമില്‍ പോയിട്ട് സിനിമയുടെ കോസ്റ്റ്യൂമിലേക്ക് മാറുമ്പോള്‍ അത് ഭയങ്കര രസമുള്ളൊരു പ്രോസസ്സ് ആയിരുന്നു. പക്ഷെ സിനിമയില്‍ വസ്ത്രധാരണത്തിലൊന്നും കോമഡി ഇല്ല. സിറ്റുവേഷന്‍ കോമഡികളാണ് സിനിമയില്‍ കൂടുതലും. അതി സമ്പന്നമായ കുടുംബത്തിലെ അല്പം പത്രാസൊക്കെ കാണിക്കാന്‍ താല്പര്യമുള്ള ഒരു സ്ത്രീയുടെ വേഷമാണ് ഈ സിനിമയില്‍.’ ചിന്നു ചാന്ദിനി പറയുന്നു.
സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അത് സീന്‍ ഓര്‍ഡറില്‍ എടുക്കുന്നതാണ് അഭിനേതാള്‍ക്ക് സൗകര്യമെന്നും എന്നാല്‍ അത് ഒരിക്കലും നടക്കാറില്ലെന്നും ചിന്നു ചാന്ദിനി പറയുകയാണ്.
‘ആര്‍ട്ടിസ്റ്റുകള്‍ക്ക് കംഫര്‍റ്റബിള്‍ സീന്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുന്നതാണ്. എന്നാല്‍ അങ്ങനെ എടുക്കാന്‍ കഴിയാറില്ല. ഞാന്‍ ചെയ്ത സിനിമകള്‍ വെച്ച് നോക്കുകയാണെങ്കില്‍ താനാരാ ആയിരിക്കും കുറച്ചെങ്കിലും ഓര്‍ഡറില്‍ എടുത്തിട്ടുണ്ടാക്കുക.’ ചിന്നു ചാന്ദിനി പറയുന്നു.
Content Highlight: Chinnu Chandini about her film career