| Saturday, 3rd August 2024, 8:50 am

മമ്മൂക്കയിൽ നിന്ന് ആ പാഠങ്ങൾ ഞാൻ പഠിച്ചു: ചിന്നു ചാന്ദിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമാശ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിന്നു ചാന്ദിനി. കഴിഞ്ഞ വർഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ എന്ന സിനിമയിലെ വക്കീൽ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. തന്റെ സിനിമ യാത്രയെ കുറിച്ച് പറയുകയാണ് ചിന്നു.

ഒരു നടിയെന്ന നിലയിൽ തന്നെ ആളുകൾ അറിഞ്ഞു തുടങ്ങിയത് തമാശയിലൂടെയാണെന്നും എന്നാൽ അതിന് കൂടുതൽ തെളിച്ചം നൽകിയത് കാതലാണെന്നും ചിന്നു പറയുന്നു.

അഭിനയത്തിന്റെ നല്ല പാഠങ്ങൾ മമ്മൂട്ടിയിൽ നിന്ന് പഠിക്കാൻ കഴിഞ്ഞെന്നും ഭാവിയിൽ സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനുമെല്ലാം ആഗ്രഹമുണ്ടെന്നും ചിന്നു പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ചിന്നു ചാന്ദിനി.

‘ഒരു നടി എന്ന നിലയിൽ ആളുകൾ എന്നെ അറിഞ്ഞുതുടങ്ങിയത് തമാശയിലൂടെയാണ്. ഇൻഡസ്ട്രിയിൽ സ്ഥാനം തന്ന സിനിമയാണ് അത്. എന്നാൽ കാതൽ എന്ന സിനിമ അതിന് കൂടുതൽ തെളിച്ചം പകരുകയായിരുന്നു. അത് വിശേഷപ്പെട്ടതാണ്. സിനിമയിലെ മെയിൻ ലീഡ് അല്ലെങ്കിൽപ്പോലും ശക്തമായൊരു സ്പേസ് എനിക്ക് നൽകിയത് എന്റെ കരിയറിനും ഏറെ ഗുണം ചെയ്‌തു.

മമ്മൂക്കയിൽനിന്നും അഭിനയത്തിൻ്റെ നല്ല പാഠങ്ങൾ പഠിക്കാനായി. സിനിമയെ ആഴത്തിൽ അറിയാനും വിടാതെ പിന്തുടരാനും ഞാൻ തുടങ്ങിക്കഴിഞ്ഞു. കുറച്ച് നല്ല സിനിമകൾ നിർമിക്കണമെന്നും സംവിധാനം ചെയ്യണമെന്നുമൊക്കെ മനസ്സിലുണ്ട്.

തത്കാലം അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ. സിനിമയും കൊണ്ട് എവിടെയൊക്കെ പോവാൻ പറ്റുമോ അവിടെയൊക്കെ എത്താൻ പറ്റണം. ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. വിശേഷം എൻ്റെ പത്താമത്തെ സിനിമയാണ്. ഇനിയും പത്തഞ്ഞൂറ് പടങ്ങൾ ചെയ്യാൻ കഴിയട്ടെ,’ചിന്നു ചാന്ദിനി പറയുന്നു.

Content Highlight: Chinnu Chandhini Talk About Mammootty

We use cookies to give you the best possible experience. Learn more