രംഗയെ പോലൊരു ഫീമെയിൽ ഓറിയന്റഡ് ചിത്രമൊന്നും പലർക്കും ചിന്തിക്കാൻ കഴിയില്ല: ചിന്നു ചാന്ദിനി
Entertainment
രംഗയെ പോലൊരു ഫീമെയിൽ ഓറിയന്റഡ് ചിത്രമൊന്നും പലർക്കും ചിന്തിക്കാൻ കഴിയില്ല: ചിന്നു ചാന്ദിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 10:37 am

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു എന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

ഈയിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ചിന്നു ചാന്ദിനി.

മഞ്ഞുമ്മൽ ബോയ്സ് നടന്ന സംഭവത്തെ കുറിച്ചുള്ള ചിത്രമാണെന്നും അതിൽ സ്ത്രീ കഥാപാത്രങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും താരം പറയുന്നു. എന്നാൽ ആവേശത്തിൽ പ്രേക്ഷകരുടെ സങ്കല്പത്തിലുള്ള ഒരു നായിക ഇല്ലെന്ന് മാത്രമേയുള്ളൂവെന്നും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ എന്നും ഓർത്തുവെക്കാവുന്നതാണെന്നും ചിന്നു പറയുന്നു.

എന്നാൽ ആവേശത്തിലെ പ്രധാന കഥാപാത്രമായി ഒരു സ്ത്രീ വരുന്നത് പ്രേക്ഷകർക്ക് ഒരുപക്ഷെ ചിന്തിക്കാൻ കഴിയില്ലെന്നും അങ്ങനെ ഒരു ചിത്രം വന്നാൽ ആളുകൾ കാണുമോയെന്നതും ചോദ്യമാണെന്നും താരം കൂട്ടിച്ചേർത്തു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു ചിന്നു.

‘ഈ അടുത്ത് വന്നിരിക്കുന്ന സിനിമകൾ എടുത്ത് നോക്കാം, മഞ്ഞുമ്മൽ ബോയ്സ് ഒരു റിയൽ ഇൻസിഡന്റിനെ ബേസ് ചെയ്തിട്ടുള്ള സിനിമയാണ്. ശരിക്കുമുള്ള ഒരു കഥയാണ്. അതിനകത്ത് ഒരു ഫീമെയിൽ കഥാപാത്രത്തെ ഉൾകൊള്ളിക്കാനുള്ള ഒരു സ്കോപ്പ് നമുക്കില്ല.

ആവേശം എന്ന സിനിമയെടുത്താൽ, നമ്മുടെ ട്രഡീഷണൽ സങ്കല്പത്തിലുള്ള ഒരു നായിക ഇല്ലെന്നേയുള്ളൂ. പക്ഷെ അതിനകത്ത് നീരജ മാം അവതരിപ്പിച്ച അമ്മയുടെ കഥാപാത്രമാണെങ്കിലും പൂജ ചെയ്ത കഥാപാത്രമാണെങ്കിലും ഇന്റിപെന്റന്റ്ലി അവർ വളരെ സ്ട്രോങ്ങാണ്. സിനിമ കണ്ടാലും നമ്മുടെ മനസിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്.

ഒരു നായികക്ക് വേണ്ടിയിട്ട് ഈ പറയുന്ന പോലെ ഒരാളെ കൊണ്ട് വെക്കുന്നത് ആർക്കും ഗുണമില്ലാത്ത ഒരു കാര്യമാണ്. ഭയങ്കര ഫോഴ്സ് ഫുൾ ആയിട്ടുള്ള ഒരു കാര്യമായിരിക്കുമത്. എന്നാൽ മറ്റൊരു വശം നോക്കുമ്പോൾ, രംഗ പോലൊരു കഥാപാത്രം ചെയ്യുന്ന ഫീമേൽ ഓറിയന്റഡ് ചിത്രമൊന്നും ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരിക്കാം.

അങ്ങനെയൊരു കഥാപാത്രമൊന്നും ഈയടുത്ത് പോലും ആർക്കും കിട്ടുമോയെന്ന് അറിയില്ല. അങ്ങനെയൊരു സിനിമ വന്നാൽ പ്രേക്ഷകർ കാണാൻ കയറുമോ എന്നതും വേറെയൊരു ചോദ്യമാണ്,’ചിന്നു ചാന്ദിനി പറയുന്നു.

 

Content Highlight: Chinnu Chandhini Talk About Aavesham Movie