സായ് പല്ലവിയും ശിവകാര്‍ത്തികേയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് അമരന്‍. ഒക്ടോബര്‍ 31ന് റിലീസായ ചിത്രം ഇതിനോടകം 300 കോടിയോളം തിയേറ്ററുകളില്‍ നിന്ന് നേടിയിട്ടുണ്ട്
ധനുഷും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം യൂട്യൂബില്‍ ഒരു ബില്യണ്‍ കാഴ്ചക്കാരെ നേടിയിരുന്നു. രണ്ടിന്റെയും പോസ്റ്ററുകള്‍ വലിയ ആഘോഷമാക്കി ഇറക്കിയെങ്കിലും ഇരു പോസ്റ്ററുകളിലും നായികയായ സായ് പല്ലവിയെ കാണാനില്ല.
ഇതേ തുടര്‍ന്ന് അമരന്‍ ബോക്സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനത്തിന്റെയും ഒരു ബില്ല്യന്‍ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടം കിട്ടാറില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.
‘ദക്ഷിണേന്ത്യയിലെ ഏറ്റവും കഴിവുള്ളതും പ്രിയപ്പെട്ടതുമായ ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റ്. പുരുഷനുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റ്, എന്നാല്‍ ഇപ്പോഴും ഒരു സക്‌സസ് പോസ്റ്ററില്‍ ഇടം കണ്ടെത്തില്ല. ദീയുടെ ട്രിപ്പി വോക്കലും റൗഡി ബേബി ഹിറ്റാകാന്‍ ഒരു കാരണമായിരുന്നു,’ ചിന്മയി എക്സില്‍ കുറിച്ചു.
എന്നാല്‍ ചിന്മയിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. റൗഡി ബേബിയുടെ പോസ്റ്റര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും അത് ഒഫീഷ്യലായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതല്ലെന്നുമാണ് ഒരു വാദം. അമരന്‍ വിജയിക്കാന്‍ കാരണം ശിവകാര്‍ത്തികേയന്‍ ആണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം പോസ്റ്ററില്‍ വെച്ചതെന്നുമാണ് മറ്റൊരു വാദം.
Content Highlight: Chinmayi Sripaada calls out absence of Sai Pallavi, Dhee from success posters of Amaran, Rowdy Baby