| Thursday, 26th September 2019, 4:53 pm

ഇതാണോ ബി.ജെ.പിയുടെ നീതി; ചിന്മയ്യാനന്ദിനെതിരെ പരാതി നല്‍കിയ യുവതിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി പ്രിയങ്കാഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മായാനന്ദിനെതിരെ ലൈംഗികാതിക്രമണം ആരോപിച്ച് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇതോണാ ബി.ജെ.പിയുടെ നീതി എന്നായിരുന്നു പ്രിയങ്ക ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘ഉന്നാവോ കേസ്: ഇരയുടെ അച്ഛന്‍ കൊല്ലപ്പെട്ടു. ഇരയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് 13 മാസത്തിനുശേഷം പ്രതിയായ എം.എല്‍.എ അറസ്റ്റിലായി. ഇരയുടെ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചു.
ഷാജഹാന്‍പൂര്‍ കേസ്: ഇരയെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തിന് മേലും സമ്മര്‍ദ്ദം ചെലുത്തുന്നു.’ പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവിന്റെ മേല്‍ ലൈംഗികാതിക്രമക്കേസ് പോലും ചുമത്തുന്നില്ല. ഇതാണോ ബി.ജെ.പിയുടെ നീതി എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി കോടതിയിലേക്ക് പോവുന്നവഴി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു യുവതി. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.

ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനേയും പൊലീസ് മുന്നെ അറസ്റ്റു ചെയ്തിരുന്നു.

അറസ്റ്റു തടയണമെന്ന ആവശ്യവുമായി യുവതി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഉന്നാവോ പെണ്‍കുട്ടിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാര്‍ അപകടപ്പെടുത്തുകയും ചെയ്തതിനു സമാനമാണ ചിന്മയാനന്ദിനെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ യുവതിയെ അറസ്റ്റുചെയ്ത നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more