ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി ആക്രമിച്ചതായി നിയമ വിദ്യാര്‍ഥിയുടെ പരാതി. ദല്‍ഹി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടിയാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി വ്യക്തമാക്കിയിരിക്കുന്നത്.
ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. യു.പി പൊലീസ് പരാതി സ്വീകരിക്കതതിനെ തുടര്‍ന്നാണ് ദല്‍ഹിയില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
‘ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതുസംബന്ധിച്ച് ലോധി റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അത് ഷാജഹാന്‍പുര്‍ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.’- പെണ്‍കുട്ടി പറഞ്ഞു.
‘പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവര്‍ ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയിതിട്ടില്ല’.- പെണ്‍കുട്ടി പറഞ്ഞു.
ഷാജഹാന്‍പൂരിലുള്ള എസ്.എസ് കോളേജിലെ നിയമ വിദ്യാര്‍ഥിയാണ് യുവതി. കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ ആരോപണം.
ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തിരുന്നു. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം തേടുകയും ചെയ്തിരുന്നു.
അതിനിടെ, ചിന്മായാനന്ദിന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ആരോപണം നിഷേധിച്ചു. അദ്ദേഹം ഇപ്പോള്‍ ആത്മീയപാതയിലാണെന്നും എപ്പോള്‍ വേണമെങ്കിലും ഡല്‍ഹി പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.