ലഖ്നൗ: ‘മതിയായ തെളിവുകളു’ണ്ടെങ്കില്‍ മാത്രമേ ചിന്മയാനന്ദിനെ അറസ്റ്റു ചെയ്യുവെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം. ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഐ.ജി നവീന്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്.ഐ.ടിയുടെ ചുമതല വഹിക്കുന്നത് അറോറയാണ്.
കേസിന്റെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23ന് എസ്.ഐ.ടി അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും അറോറ പറഞ്ഞു.
മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബര്‍ ഏഴു മുതല്‍ എസ്.ഐ.ടി ടീം ഷാജഹാന്‍പൂരില്‍ നിന്നും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ‘ ഞങ്ങള്‍ ഈ കേസിന്റെ വിവിധ തലങ്ങളെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും നിയമ വിദഗ്ധരില്‍ നിന്നും സഹായം തേടുന്നുണ്ട്.’ അറോറ പറഞ്ഞു.
മാധ്യമ വിചാരണയില്‍ അതൃപ്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍ പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കാനൊരുങ്ങുകയാണെന്നും പറഞ്ഞു. ‘എസ്.ഐ.ടി കോടതിയോടു മാത്രം മറുപടി പറഞ്ഞാല്‍ മതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമില്ല.’ അറോറ പറഞ്ഞു.
ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ലൈംഗികാക്രമണത്തിനിരയായ നിയമ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തതെന്നും വിദ്യാര്‍ഥിനി ചോദിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. 15 ദിവസമായി അന്വേഷണം നടന്നുവരുകയാണ്.
ചിന്മയാനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ സംഘം തങ്ങളുടെ മേല്‍ കുറ്റം ചുമത്താനാണ് നോക്കുന്നതെന്നും യുവതി ആരോപിച്ചിരുന്നു.