ബെയ്ജിങ്: ചൈനീസ് കമ്പനിയായ വാവെയ്‌യുടെ സഹസ്ഥാപനമായ ഹിസിലിക്കൺ ആഗോള ചിപ്സെറ്റ് വിപണിയുടെ 3 ശതമാനം ഓഹരിയോടെ ലോകത്തെ അഞ്ചാമത്തെ വലിയ ചിപ്പ് മേക്കർ ആയെന്ന് ടെക്നോളജി വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റ്.
ചിപ്സെറ്റ് വിപണിയിൽ 40 ശതമാനം ഓഹരിയോടെ ക്വാൽകം ഉത്പന്നങ്ങളാണ് മുന്നിട്ടുനിൽക്കുന്നത് എന്നും രണ്ടാമത് 31 ശതമാനം ഓഹരിയുമായി ആപ്പിളാണെന്നും ഗവേഷണ പഠനത്തിൽ പറയുന്നു.
തായ്‌വാനീസ് അർധ ചാലക നിർമാതാക്കളായ മീഡിയടെക് മൂന്നാമതും സാംസങ് നാലാമതുമാണ് ഉള്ളത്.
പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഗൂഗിളിന് ആഗോള വിപണിയുടെ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്.
ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ലോകത്തെ ഏറ്റവും വലിയ നിർമാതാക്കളായ വാവെയ് യു.എസിന്റെ സാങ്കേതിക നിരോധനം ബാധിച്ച ചൈനീസ് കോർപ്പറേറ്റ് ഭീമന്മാരിൽ ഒന്നായിരുന്നു.
2019ലാണ് വാവെയ്ക്ക് സോഫ്റ്റ്‌വെയറും ഉപകരണങ്ങളും വിൽക്കുന്നതിൽ നിന്ന് യു.എസ് സ്ഥാപനങ്ങളെ അമേരിക്ക വിലക്കിയത്. യു.എസ് നിർമിത സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ചിപ്പ് നിർമാതാക്കൾ വാവെയ്‌യുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ നിന്നും യു.എസ് വിലക്കിയിരുന്നു.
ചൈനയിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് ഉപരോധം ഏർപ്പെടുത്തിയത്.
2020ന് മുമ്പ് സാംസങ്ങിനും ആപ്പിളിനും മാത്രം പിറകിലായി സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ ആഗോള ഭീമന്മാരായിരുന്നു വാവെയ്.
Content Highlight: Chinese tech giant Huawei rebounds from US sanctions