വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സ്വാധീനിക്കാന്‍ ചൈന ശ്രമം നടത്തുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ബൈഡനുമായി അടുത്ത ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് ചൈന സ്വാധീന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് യു.എസ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ വില്ല്യം ഇവാനിന പറഞ്ഞു.
ആയിരത്തലധികം ചൈനീസ് ഏജന്റുമാര്‍ യു.എസിലെത്തിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച നടന്ന വെര്‍ച്വല്‍ യോഗത്തിലായിരുന്നു ചൈനയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ചയായത്.
അമേരിക്കയുടെ കൊവിഡ് 19 വാക്‌സിന്‍ വികസന ശ്രമങ്ങളിലും അമേരിക്കന്‍ തെരഞ്ഞെടുപ്പിലും ചൈന ഇടപെടുന്നുവെന്നും ഇവാനിന പറഞ്ഞു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള ബന്ധം മറച്ചുവെച്ച അഞ്ച് ചൈനീസ് പൗരന്മാരെ അമേരിക്കയില്‍ അറസ്റ്റു ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭരണം നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് ഇത്തരം വാദങ്ങള്‍ ഉയരുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ നിരവധി ചൈനീസ് കമ്പനികള്‍ക്ക് അമേരിക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.
ബുധനാഴ്ച അമേരിക്കയില്‍ ഉന്നതപഠനത്തിനായെത്തിയ ആയിരം ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ അമേരിക്ക റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ചൈനീസ് സേനയുമായി ബന്ധമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍ എന്ന് കാണിച്ചായിരുന്നു നടപടി. അതേസമയം അമേരിക്കയുടെ നടപടി വംശീയ വിവേചനമാണെന്ന് ചൈന വിഷയത്തില്‍ പ്രതികരിച്ചു.