ന്യൂദല്‍ഹി: ചൈനയെ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ദല്‍ഹിയിലെ ചൈനീസ് എംബസി. ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനാണ് ചൈന മറുപടിയുമായി എത്തിയത്. വെട്ടിപ്പിടിക്കലിന്റെ കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു ചൈനയുടെ കടന്നുകയറ്റത്തിനെതിരെ പ്രധാനമന്ത്രി പറഞ്ഞത്.
എന്നാല്‍, ചൈനയ്ക്ക് ആരുടേയും പ്രദേശം വെട്ടിപ്പിടിക്കേണ്ട കാര്യമില്ല എന്നായിരുന്നു ചൈനയുടെ പ്രതികരണം.തങ്ങളുടെ അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ രീതിയില്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ടെന്നും ചൈന പറഞ്ഞു.
‘സമാധാനപരമായ ചര്‍ച്ചകളിലൂടെ ചൈന തങ്ങളുടെ 14 അയല്‍രാജ്യങ്ങളില്‍ 12 എണ്ണവുമായി അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്, അതിര്‍ത്തികളെ സൗഹാര്‍ദപരമായ സഹകരണത്തിന്റെ ഇടമാക്കി. ചൈനയെ കടന്നുകയറ്റക്കാരായി കാണുകയും അയല്‍ക്കാരുമായുള്ള തര്‍ക്കങ്ങളെ പെരുപ്പിച്ചു കാണിക്കുകയും പ്രശ്‌നങ്ങള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നത് അടിസ്ഥാനരഹിതമാണ്,” ഇന്ത്യയിലെ ചൈനീസ് എംബസി പറഞ്ഞു.