കൊളംബോ: ചൈനീസ് റിസര്‍ച്ച് കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി. യുവാന്‍ വാങ് 5 (Yuan Wang 5) യുവാന്‍ വാങ് 5 എന്ന ട്രാക്കിങ്, സാറ്റലൈറ്റ് സപ്പോര്‍ട്ട് കപ്പലാണ് ശ്രീലങ്കയിലെ ഹമ്പന്‍ടോട (Hambantota) തുറമുഖത്തെത്തിയത്.
വിഷയത്തില്‍ ഇന്ത്യയും യു.എസുമടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ചൈനീസ് കപ്പലിന്റെ ശ്രീലങ്കന്‍ തീരമണയല്‍.
ശ്രീലങ്കയിലെ തെക്കന്‍ ഭാഗത്തുള്ള തുറമുഖമാണ് ഹമ്പന്‍ടോട. ചൊവ്വാഴ്ച രാവിലെയായിരുന്നു കപ്പല്‍ തുറമുഖത്തെത്തിയത്.
ലങ്കന്‍ കടലില്‍ ചൈനീസ് കപ്പല്‍ ഇടുന്നതിനോട് നേരത്തെ തന്നെ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അയല്‍ രാജ്യമായ ശ്രീലങ്കയിലെ തുറമുഖത്ത് ചൈനീസ് കപ്പല്‍ എത്തുന്നതില്‍ ഇന്ത്യക്കുള്ള സുരക്ഷാ ആശങ്കകളായിരുന്നു ഇതിന് കാരണം.
ചൈനീസ് ചാര ഉപഗ്രഹങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ യുവാന്‍ വാങ് 5 കപ്പല്‍ ഇന്‍പുട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചിരുന്നത്.
യു.എസും ഇതേ വിഷയത്തില്‍ തന്നെയായിരുന്നു ആശങ്ക അറിയിച്ചിരുന്നത്.
ആഗസ്റ്റ് 11ന് ഹമ്പന്‍ടോട തുറമുഖത്ത് യുവാന്‍ വാങ് 5 എത്തിച്ചേരുന്നത് യു.എസ് സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെയും യു.എസിന്റെയും ‘സുരക്ഷാ ആശങ്കകള്‍’ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കപ്പല്‍ തുറമുഖത്തോടടുപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അതേസമയം ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തിയതില്‍ പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
”ചൈനീസ് (ചാര) കപ്പല്‍ ലങ്കന്‍ കടലിലേക്ക് വരുന്നത് തീര്‍ത്തും തെറ്റാണ്. ചൈന വളരെ അകലെയാണ്, എന്നാല്‍ ഇന്ത്യ ഞങ്ങളുടെ അടുത്താണ്.
ഇന്ത്യ ഇത് തങ്ങളുടെ ദേശീയ സുരക്ഷക്ക് നേരെയുള്ള വെല്ലുവിളിയായി കണക്കാക്കുന്നുണ്ടെങ്കില്‍ അത് വളരെ ന്യായമാണ്. കൂടാതെ, നമ്മുടെ പ്രതിസന്ധി ഘട്ടത്തില്‍ ഏകദേശം 4 ബില്യണ്‍ ഡോളര്‍ നല്‍കി സഹായിച്ച രാജ്യമാണ് ഇന്ത്യ,” ശ്രീലങ്കയുടെ തമിഴ് പ്രോഗ്രസീവ് അലയന്‍സ് (ടി.പി.എ) നേതാവും കൊളംബോ പാര്‍ലമെന്റ് അംഗവുമായ മനോ ഗണേശന്‍ പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയെ സംബന്ധിച്ചും തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ് ഹമ്പന്‍ടോട തുറമുഖം. ഇവിടെ നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് ചാരക്കപ്പലിന് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ ചലനം ട്രാക്കുചെയ്യാന്‍ കഴിയുമെന്നും അതുവഴി സാറ്റലൈറ്റ്, മിസൈല്‍ പദ്ധതിയെ അത് ബാധിക്കുമെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Chinese ship reached Sri Lanka’s Hambantota port amidst India and US concerns