വാഷിംഗ്ടണ്‍: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആശങ്കയിലായി ലോകരാഷ്ട്രങ്ങള്‍. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് പതിക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ചൈനയുടെ പ്രധാന ബഹിരാകാശ പദ്ധതികളിലൊന്നായ ലാര്‍ജ് മോഡ്യുലാര്‍ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച് മടങ്ങി വരവേ ഏപ്രില്‍ 29നാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലൂടെയുള്ള യാത്രയില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തി നശിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.
എന്നാല്‍ റോക്കറ്റ് പൂര്‍ണ്ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്നതാണ്. റഷ്യയും ചൈനയുടെ മിക്ക പ്രദേശങ്ങളും യൂറോപ്പും ഇതിന്റെ സഞ്ചാരപഥത്തിന് പുറത്താണ്.
ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് എട്ടിനും പത്തിനും ഇടയിലായിരിക്കും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിയ്ക്കുക. യു.എസ് പ്രതിരോധ വകുപ്പും പെന്റഗണുമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്.
അവശിഷ്ടങ്ങള്‍ എവിടെയായിരിക്കും പതിയ്ക്കുകയെന്ന് ഇപ്പോള്‍ കൃത്യമായി അറിയാന്‍ സാധിക്കില്ലെന്നും അമേരിക്ക അറിയിച്ചു. നിലവില്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിക്കാനാകില്ലെന്നും കൂടുതല്‍ വിവരം ലഭ്യമായതിന് ശേഷമേ മറ്റു നടപടികളെ കുറിച്ച് ആലോചിക്കാനാകൂവെന്നും അമേരിക്ക അറിയിച്ചു.
നേരത്തെയും വിവിധ രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി, റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tumbling Chinese Rocket Expected To Re-Enter Atmosphere May 8, World Fears Where the Debris Will Land