| Friday, 29th July 2022, 9:43 am

തീ കൊണ്ട് കളിക്കുന്നവര്‍ അതിലൂടെ തന്നെ നശിച്ചുപോകും: വിര്‍ച്വല്‍ സംഭാഷണത്തിനിടെ ബൈഡനോട് ഷി ചിന്‍പിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: തായ്‌വാന്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പ്രതികരണവുമായി ചൈന. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ വിര്‍ച്വല്‍ സംഭാഷണത്തിനിടെയായിരുന്നു യു.എസിനോടുള്ള ഷി ചിന്‍പിങിന്റെ ‘മുന്നറിയിപ്പ്’.

‘തീ കൊണ്ട് കളിക്കേണ്ട, അങ്ങനെ ചെയ്യുന്നവര്‍ അതില്‍ തന്നെ നശിച്ചുപോകും,’ എന്നായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

”തീയില്‍ കളിക്കുന്നവര്‍ക്ക് ഒടുവില്‍ പൊള്ളലേല്‍ക്കുക തന്നെ ചെയ്യും. യുഎസ് അത് പൂര്‍ണമായും മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” തായ്‌വാനെ പരാമര്‍ശിച്ചുകൊണ്ട് ഷി ബൈഡനോട് പറഞ്ഞു.

‘വണ്‍ ചൈന പ്രിന്‍സിപ്പിള്‍’ അമേരിക്ക പിന്തുടരണമെന്നും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. വീഡിയോ കോള്‍ വഴിയായിരുന്നു ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്.

രണ്ട് മണിക്കൂറും 17 മിനിട്ടുമായിരുന്നു ഇരുവരും തമ്മില്‍ വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചത്. യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇത് അഞ്ചാം തവണയാണ് ബൈഡന്‍ ഷി ചിന്‍പിങുമായി ഫോണില്‍ സംസാരിക്കുന്നത്.

അതേസമയം, അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശന വിഷയത്തിലും ചൈന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പെലോസി തായ്വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളിന്മേലായിരുന്നു പ്രതികരണം.

യു.എസ് സ്പീക്കറുടെ തായ്വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

”സ്പീക്കര്‍ നാന്‍സി പെലോസിയുടെ ചൈനീസ് സന്ദര്‍ശനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ചൈനയെ വെല്ലുവിളിച്ച് തീരുമാനവുമായി യു.എസ് മുന്നോട്ട് പോവുകയാണെങ്കില്‍, അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും യു.എസ് നേരിടേണ്ടി വരും,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞു.

യു.എസ് പ്രതിനിധിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ നേരിടാന്‍ ചൈന സ്വയം തയാറെടുക്കുകയാണെന്നും സാവൊ ലിജ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Chinese president Xi Jinping warns US president Joe Biden over Taiwan issue, says those who play with fire will perish by it

We use cookies to give you the best possible experience. Learn more