ഇവിടെ ഉടോപ്യയൊന്നുമില്ല; ചൈനക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല: ഉയിഗര്‍ വിഷയത്തില്‍ ഷി ചിന്‍പിങ്
World News
ഇവിടെ ഉടോപ്യയൊന്നുമില്ല; ചൈനക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല: ഉയിഗര്‍ വിഷയത്തില്‍ ഷി ചിന്‍പിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 8:07 am

ബീജിങ്: ലോകത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞ ഒരു രാജ്യവുമില്ലെന്നും ഈ വിഷയങ്ങളില്‍ ചൈനക്ക് ആരുടെയും ഉപദേശത്തിന്റെയോ ഗുണദോഷത്തിന്റെയും ആവശ്യമില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്.

ഉയിഗര്‍ മുസ്‌ലിങ്ങളുടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ചീഫ് ആയ മിഷേല്‍ ബഷേലെറ്റിനോടായിരുന്നു ഷിയുടെ പ്രതികരണം.

യു.എന്‍ ഹൈക്കമ്മീഷണറായ മിഷേല്‍ ബഷേലെറ്റ് തിങ്കളാഴ്ച ചൈനയിലെത്തിയ ശേഷം നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചക്കിടെയായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം.

ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച നടന്നത്.

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ പത്ത് ലക്ഷത്തിലധികം ഉയിഗര്‍ മുസ്‌ലിങ്ങളെയും മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ഭരണകൂടം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഷി ഇക്കാര്യം പറഞ്ഞത്.

ഈ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് മിഷേല്‍ ബഷേലെറ്റ് ചൈനയിലെത്തിയിരിക്കുന്നത്.

യു.എസ് അടക്കമുള്ള രാജ്യങ്ങളായിരുന്നു ആരോപണമുന്നയിച്ചത്. എന്നാല്‍ ആരോപണങ്ങളെ ഷി തള്ളിക്കളയുകയും ചെയ്തു.

ഒരു പ്രശ്‌നങ്ങളുമില്ലാത്ത ‘ഉടോപ്യന്‍’ രാജ്യങ്ങളൊന്നും ഇവിടെയില്ലെന്നും, മറ്റ് രാജ്യങ്ങള്‍ മനുഷ്യാവകാശ വിഷയങ്ങളെ, ഉയിഗര്‍ വിഷയത്തെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുകൊണ്ട് ചൈനയെ വിമര്‍ശിക്കുകയാണെന്നും ഷി ആരോപിച്ചു.

”മനുഷ്യാവകാശങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഒര് തെറ്റുകുറ്റങ്ങളുമില്ലാത്ത ഒരു ഉടോപ്യയൊന്നും ഇവിടെയില്ല. രാജ്യങ്ങള്‍ക്ക് ലെക്ചറുകള്‍ ഉപദേശിക്കുകയല്ല വേണ്ടത്.

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനുള്ള അനാവശ്യ വഴിയായു ചില രാജ്യങ്ങളെങ്കിലും എടുക്കുന്നുണ്ട്,” ഷി ചിന്‍പിങ് മിഷേല്‍ ബഷേലെറ്റിനോട് പറഞ്ഞു.

അതേസമയം, ആറ് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനാണ് മിഷേല്‍ ബഷേലെറ്റ് എത്തിയിരിക്കുന്നത്. 17 വര്‍ഷത്തിനിടെ ആദ്യമായാണ് യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ചീഫ് ചൈന സന്ദര്‍ശിക്കുന്നത്.

Content Highlight: Chinese president Xi Jinping’s response UN Human Rights Chief as it probes Uyghur Muslims rights violations