| Tuesday, 27th September 2022, 8:26 pm

വ്യാജ പ്രചാരകരെ ശാന്തരാക്കിക്കൊണ്ട് ഷി ചിന്‍പിങ് പൊതുവേദിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: പട്ടാള അട്ടിമറിയില്‍ വീട്ടുതടങ്കലില്‍ ആണെന്ന വ്യാജ ആരോപണങ്ങള്‍ക്ക് അറുതിവരുത്തി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പൊതുചടങ്ങില്‍ എത്തി. ബീജിങില്‍ നടന്ന ഒരു എക്‌സിബിഷന്‍ വേദിയിലാണ് ഷി ചിന്‍പിങ് ചൊവ്വാഴ്ച സന്നിഹിതനായത്.

കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈന കൈവരിച്ച് നേട്ടങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനില്‍ ഷി പങ്കെടുത്തത് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ (Xinhua) ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഷി ജിന്‍പിങ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ റോയിറ്റേഴ്‌സ് അടക്കമുള്ള വിദേശ വാര്‍ത്താ ഏജന്‍സികളും പങ്കുവെച്ചു.

ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഷി ചിന്‍പിങ് ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടിലേക്ക് പോയ സമയത്ത് പട്ടാള അട്ടിമറി നടന്നെന്നും ഷി വീട്ടുതടങ്കലില്‍ ആണെന്ന തരത്തിലുമുള്ള വാര്‍ത്തകളാണ് വ്യാപകമായി ചൈനീസ് പേരുകളിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വഴി പ്രചരിച്ചത്.

സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ഷി ചിന്‍പിങ് തിരിച്ചെത്തിയത്.

ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ഷി പൊതുവേദികളില്‍ നിന്ന് മാറിനിന്നതോടെയാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ അഭ്യൂഹം, വിദേശ മാധ്യമങ്ങളൊന്നും തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതാണ് മറ്റൊരു കൗതുകം.

വിദേശയാത്രയെ തുടര്‍ന്നുണ്ടായ പ്രസിഡന്റിന്റെ അഭാവം ചൈനയുടെ കടുത്ത കൊവിഡ് പ്രോട്ടോക്കോള്‍ മൂലമാണെന്നാണ് വിവരം. അന്താരാഷ്ട്രാ യാത്ര നടത്തി രാജ്യത്തെത്തുന്നവര്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈനും മൂന്ന് ദിവസം ഹോം ക്വാറന്റൈനും നടത്തണമെന്നാണ് നിയമം.

ഇതിന് മുമ്പ് ചൈനീസ് ഭരണത്തിലുള്ള ഹോങ്കോങില്‍ പോയി വന്നപ്പോഴും രണ്ടാഴ്ചയോളം ഷി പൊതുവേദികളിലുണ്ടായിരുന്നില്ല. ഹോങ്കോങിലെ ചൈനീസ് ഭരണത്തിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ പങ്കെടുക്കാനായിരുന്നു യാത്ര.

അതേസമയം, ഷി ചിന്‍പിങ്ങിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയെന്നും അദ്ദേഹത്തെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) വീട്ടുതടങ്കലിലാക്കിയെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ Li Qiaoming പുതിയ പ്രസിഡന്റായി അധികാരമേറ്റെന്നും ചില സമൂഹ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രചരിച്ചിരുന്നു.

Content Highlight: Chinese President Xi Jinping makes first public appearance in Beijing since trip to Central Asia

Latest Stories

We use cookies to give you the best possible experience. Learn more