| Saturday, 10th December 2022, 12:29 pm

ഫലസ്തീനികള്‍ അനുഭവിച്ചുപോരുന്ന അനീതി തുടരാന്‍ പാടില്ല; യു.എന്നില്‍ സമ്പൂര്‍ണ അംഗത്വം നല്‍കണം: ഷി ചിന്‍പിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഫലസ്തീന്‍ പ്രവിശ്യകള്‍ക്ക് നേരെയുള്ള ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ചൈന എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ്.

ഫലസ്തീന്‍ പൗരന്മാര്‍ നേരിടുന്ന ചരിത്രപരമായ അനീതിയില്‍ ചൈനീസ് പ്രസിഡന്റ് അതൃപ്തിയും നിരാശയും അറിയിക്കുകയും ചെയ്തു.

സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന റിയാദ്-ഗള്‍ഫ്-ചൈനീസ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഫലസ്തീനികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ അനീതി തുടരുന്നത് സാധ്യമല്ല,” ഷി പറഞ്ഞതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് സമ്പൂര്‍ണ അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട ചൈനീസ് പ്രസിഡന്റ്, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള ‘ടു നേഷന്‍ സൊല്യൂഷനെ’യും ഫലസ്തീന്‍ എന്ന രാജ്യം സ്ഥാപിക്കുന്നതിനെയും പിന്തുണക്കുന്നുവെന്നും വ്യക്തമാക്കി.

ചൈന- അറബ് ബന്ധത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ചൈനീസ്- അറബ് ഉച്ചകോടി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം സൗദിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അറബ് രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം പരസ്പര ബഹുമാനത്തെയും സമാധാനത്തെയും ഐക്യത്തെയും അശ്രയിച്ചാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ സമയത്തായിരുന്നു കിഴക്കന്‍ ജെറുസലേമും ഗാസയും ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രഈല്‍ പിടിച്ചടക്കിയത്.

1980ല്‍ കിഴക്കന്‍ ജറുസലേം പൂര്‍ണമായും ഇസ്രഈല്‍ കയ്യടക്കുകയും അതിനെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹം ഇത് ഒരിക്കലും അംഗീകരിച്ചിട്ടില്ല.

വെസ്റ്റ് ബാങ്കിനെയും കിഴക്കന്‍ ജറുസലേമിനെയും ‘അധിനിവേശ പ്രദേശ’മായും ഇവിടത്തെ എല്ലാ ജൂത കുടിയേറ്റ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമായുമാണ്
അന്താരാഷ്ട്ര നിയമം കാണുന്നത്.

അതേസമയം, കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സൗദി അറേബ്യയിലെത്തിയത്. 2016ന് ശേഷം ആദ്യമായാണ് ഷി സൗദി സന്ദര്‍ശിക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം ചൈനക്ക് പുറത്തേക്കുള്ള പ്രസിഡന്റിന്റെ മൂന്നാമത്തെ മാത്രം യാത്രയായിരുന്നു സൗദി സന്ദര്‍ശനം.

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഖനനത്തിന്റെയും വ്യാപാരത്തിന്റെയും പേരില്‍ സൗദി അറേബ്യയും അമേരിക്കയും പരസ്പരം വാക്‌പോര് നടത്തുന്നതിന്റെ കൂടി സാഹചര്യത്തില്‍ ഷിയുടെ സൗദി സന്ദര്‍ശനം രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ളതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Content Highlight: Chinese President Xi Jinping expressed China’s support to end the Israeli occupation of Palestine’s territories

We use cookies to give you the best possible experience. Learn more