ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ ഉപയോഗിച്ച് മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്
World News
ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ ഉപയോഗിച്ച് മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2022, 6:27 pm

ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടിയിരിക്കുകയാണ് ചൈനീസ് പൊലീസ്. ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്.

മോഷണം നടന്ന വീട്ടില്‍ നിന്നും ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്.

കൊതുകിനെ അടിച്ചുകൊന്നപ്പോള്‍ തെറിച്ച ഈ രക്തത്തുള്ളികള്‍ പൊലീസ് ടെസ്റ്റ് ചെയ്തതോടെയാണ് മോഷ്ടാവ് പിടിയിലായത് എന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രക്തസാമ്പിളുകള്‍ പൊലീസ് ശ്രദ്ധാപൂര്‍വ്വം ചുമരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും ഡി.എന്‍.എ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ചായ് എന്ന കുടുംബപ്പേരുള്ള, ക്രിമിനല്‍ റെക്കോഡുള്ള പ്രതിയുടേതാണ് ആ ഡി.എന്‍.എ സാമ്പിളുകള്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചത്.

മോഷ്ടാവ് കൊതുകുതിരികള്‍ ഉപയോഗിച്ചിരുന്നതായും രാത്രി മുഴുവന്‍ ആ വീട്ടില്‍ ചെലവഴിച്ചതായും പൊലീസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വാര്‍ത്ത പുറത്തുവന്നതോടെ രസകരങ്ങളായ നിരവധി പ്രതികരണങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഉയര്‍ന്നുവരുന്നത്.

”സംഭവസ്ഥലത്ത് രാത്രി മുഴുവന്‍ ചെലവഴിക്കാന്‍ ആ മോഷ്ടാവിന് എങ്ങനെ ധൈര്യം വന്നു? ഈ വ്യക്തിക്ക് ശരിക്കും ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ട്,” എന്നായിരുന്നു ഒരു പ്രതികരണം.

”ഇത് കൊതുകുകളുടെ പ്രതികാരമാണ്. കൊതുകുകള്‍ യാതൊരു ഉപയോഗവുമില്ലാത്തവരാണെന്ന എന്റെ ധാരണ തെറ്റായിരുന്നു,” മറ്റൊരാള്‍ കമന്റ് ചെയ്തു.

ജൂണ്‍ 11ന് ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൂവിലായിരുന്നു മോഷണം നടന്നത്. എന്നാല്‍ അത് കഴിഞ്ഞ് 19 ദിവസത്തിന് ശേഷമാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് നേരത്തെ നടന്ന മറ്റ് മൂന്ന് മോഷണക്കേസുകളുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Chinese Police Catches Burglar using the DNA From Dead Mosquito’s Blood