| Wednesday, 24th November 2021, 2:15 pm

ഇടുങ്ങിയ ചെറിയ കണ്ണുകള്‍, നിരാശ പടര്‍ത്തുന്ന മുഖം; ചൈനക്കാരേയും ഏഷ്യക്കാരേയും അപമാനിക്കുന്ന സ്റ്റീരിയോടൈപ്പ് ഫോട്ടോയെന്ന് വിമര്‍ശനം; മാപ്പ് പറഞ്ഞ് ഫോട്ടോഗ്രഫര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഏഷ്യക്കാരെ, പ്രത്യേകിച്ചും ചൈനക്കാരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നു എന്ന പേരില്‍ ഫോട്ടോ വിമര്‍ശിക്കപ്പെട്ടതോടെ മാപ്പ് പറഞ്ഞ് ഫോട്ടോഗ്രഫര്‍. ചൈനീസ് ഫാഷന്‍ ഫോട്ടോഗ്രഫറായ ചെന്‍ മാന്‍ ആണ് മാപ്പ് പറഞ്ഞത്.

ഒരു വനിതാ മോഡലിന്റെ, ചെറിയ ഇടുങ്ങിയ കണ്ണുകളും നിരാശ പ്രകടിപ്പിക്കുന്ന മുഖവുമുള്ള ഫോട്ടോയാണ് വനിതാ ഫോട്ടോഗ്രഫറായ ചെന്‍ മാന്‍ എടുത്തത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയിലും ചൈനീസ് പ്രാദേശിക മാധ്യമങ്ങളിലും വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയായിരുന്നു.

ഫോട്ടോയ്ക്ക് വേണ്ടി കൃത്രിമമായി മോഡലിന്റെ കണ്ണ് കൂടുതല്‍ ഇടുങ്ങിയതാക്കുകയും തൊലിനിറത്തില്‍ മാറ്റം വരുത്തുകയും ചെയ്തതാണ് ഫോട്ടോ ഉപയോഗിച്ച് മനപൂര്‍വം ഏഷ്യക്കാരെ ഒരു പ്രത്യേകരീതിയില്‍ മുദ്രകുത്താന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിന് കാരണമായത്.

ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ഡിയൊറിന് (Dior) വേണ്ടിയാണ് ചെന്‍ മാന്‍ ഫോട്ടോ എടുത്തത്. ഷാങ്ഹായ് എക്‌സിബിഷനിലും ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏഷ്യക്കാരെ കാണുന്ന സ്റ്റീരിയോടൈപ്പ് ചിന്താഗതിയാണ് ഫോട്ടോയിലൂടെ വെളിപ്പെടുന്നതെന്നും യൂറോപ്പിന്റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ഏഷ്യക്കാരെ അടിച്ചമര്‍ത്താനാണ് ഫോട്ടോ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ചൈനക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് തന്നെയാണ് കൂടുതലായും വിമര്‍ശനമുയരുന്നത്.

”പക്വതയില്ലായ്മയും അവഗണനയും കാണിച്ചതില്‍ ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു,” ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ ചെന്‍ കുറിച്ചു.

”ഡിയൊര്‍ എന്നും ചൈനീസ് ജനതയുടെ വികാരങ്ങളെ മാനിക്കുന്നു. എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അത് തിരുത്താനും ഞങ്ങള്‍ തയാറാണ്,” ഡിയൊര്‍ അവരുടെ വെയ്‌ബോ അക്കൗണ്ടിലൂടെ പറഞ്ഞു. വിമര്‍ശനവിധേയമായ ആ ഫോട്ടോ ഒരു കലാസൃഷ്ടിയായിരുന്നെന്നും, വാണിജ്യപരസ്യം അല്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 12നായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. 2012 മുതല്‍ ചെന്‍ മാന്‍ ഏഷ്യന്‍ വനിതാ മോഡലുകളെ ഇത്തരത്തില്‍ ചിത്രീകരിച്ച് ഫോട്ടോ എടുക്കുന്നുണ്ടെന്നും ചില സോഷ്യല്‍ മീഡിയ യൂസേഴ്‌സ് ചൂണ്ടിക്കാട്ടി.

ഭൂരിഭാഗം ചൈനക്കാര്‍ക്കും വലിയ വട്ടക്കണ്ണുകളും വെളുത്ത നിറവുമാണെന്നും എന്നാല്‍ കൃത്രിമമായി അതിനെ മാറ്റിയെടുക്കുന്ന ഈ ഫോട്ടോകള്‍ യൂറോപ്പിന്റെ ചൈനക്കാരോടുള്ള വംശീയ നിലപാടാണ് കാണിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

ചൈനയിലെ പ്രശസ്തയായ ഫാഷന്‍ ഫോട്ടോഗ്രഫറാണ് ചെന്‍ മാന്‍. ഡേവിഡ് ബെക്കാമിന്റെയടക്കം ഫോട്ടോ ചെന്‍ എടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chinese photographer apologized after a picture she shot criticised as the western stereotype of Asians

We use cookies to give you the best possible experience. Learn more