പ്രോ- ചൈനീസ് നിലപാടുകാരന്‍ ജോണ്‍ ലീയെ ഹോങ് കോങ്ങിന്റെ പുതിയ തലവനായി തെരഞ്ഞെടുത്തു.
ഹോങ് കോങ്ങിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ലീഡറായാണ് ലീയെ ഹോങ് കോങ്ങ് സിറ്റി ഇലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച തെരഞ്ഞെടുത്തത്.
64കാരനായ ജോണ്‍ ലീ ഹോങ്കോങ്ങിന്റെ മുന്‍ സുരക്ഷാ വിഭാഗം തലവനും ചൈനയുടെ വിശ്വസ്തനുമാണ്.
1500ഓളം അംഗങ്ങളുള്ള കമ്മിറ്റിയില്‍ 99 ശതമാനം വോട്ടും നേടിയാണ് ജോണ്‍ ലീ വിജയിച്ചത്. എതിരില്ലാതെയാണ് ലീ തെരഞ്ഞെടുക്കപ്പെട്ടത്.
1416 വോട്ടാണ് ലീയ്ക്ക് ലഭിച്ചത്. കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ചൈനയെ പിന്തുണക്കുന്നവരാണ്.
എന്നാല്‍ ജോണ്‍ ലീയുടെ സ്ഥാനാരോഹണം ഹോങ് കോങ്ങില്‍ ചൈനീസ് വിരുദ്ധ, പ്രതിഷേധ സ്വരങ്ങള്‍ ഉയരാതിരിക്കാന്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്.
ചൈനീസ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണായ ഹോങ് കോങ്ങില്‍ ചൈനയുടെ ഇടപെടലുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരാറുള്ളത്.
നേരത്തെ, ഹോങ് കോങ്ങിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്ന തരത്തില്‍ വിവാദമായ സുരക്ഷാ ബില്‍ ചൈന പാസാക്കിയതിനു പിന്നാലെ ഇവിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണ്‍ എന്ന നിലക്ക് സ്വതന്ത്രമായി തങ്ങള്‍ക്ക് നിലകൊള്ളണമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഹോങ് കോങ്ങുകാരുടെ ആവശ്യം.
എന്നാല്‍ പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള നിയമനടപടികളാണ് ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഹോങ് കോങ്ങിന് നേരെ ഉണ്ടാകാറ്.
Content Highlight: Chinese loyalist John Lee elected as Hong Kong’s next chief executive