| Friday, 10th April 2020, 12:44 pm

പട്ടിയിറച്ചി വേണ്ട, ആടും പശുവും മതി; കൊവിഡിനു പിന്നാലെ ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തു വിട്ട് ചൈനീസ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ചൈനയില്‍ ഇറച്ചിക്കായി വളര്‍ത്താവുന്ന ജീവിങ്ങളുടെ കരടു പട്ടിക പുറത്തു വിട്ട് സര്‍ക്കാര്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി വളര്‍ത്താന്‍ പറ്റുന്ന ജീവികളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെ ഇറച്ചി ആവശ്യത്തിനായി  ഉപയോഗിക്കാം എന്നും കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെയും വളര്‍ത്താം. എന്നാല്‍ ഇവയെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.

പട്ടികയില്‍ പട്ടികള്‍, കൊവിഡിന്റെ ഉറവിടം എന്ന് സംശയിക്കുന്ന വവ്വാലുകള്‍, വെരുക്, ഈനാംപേച്ചി എന്നീ മൃഗങ്ങളില്ല. ചൈനയില്‍ മുമ്പ് പട്ടികളുടെ ഇറച്ചി വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു. പുതിയ കരടു പട്ടിക പ്രാവര്‍ത്തികമായാല്‍ പട്ടിയടക്കമുള്ള ജീവികളെ ചൈനീസ് മാര്‍ക്കറ്റില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പ്രതിഷേധവും ഫലം കാണും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പുതിയ കരടു പട്ടിക അന്തിമായിട്ടില്ല. മെയ് 8 വരെ പട്ടികയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്. ഒപ്പം ജനുവരി 23 മുതല്‍ ചൈനയില്‍ വന്യജീവികളുടെ മാംസ വില്‍പ്പനയ്ക്ക് താല്‍ക്കാലിക നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനു പുറമെ ചൈനയില്‍ 13 പ്രദേശങ്ങളില്‍ വന്യജീവി മാസംവില്‍പ്പനയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഡിസംബറില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ മാംസശാലകളില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more