| Sunday, 5th August 2018, 3:28 pm

സര്‍ക്കാരിനെ വിമര്‍ശിച്ചു: ചൈനയില്‍ ചിത്രകാരന്റെ സ്റ്റുഡിയോ തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൈജിംഗ്: ചൈനയിലെ പ്രശസ്തനായ കലാകാരന്റെ സ്റ്റുഡിയോ സര്‍ക്കാര്‍ തകര്‍ത്തു. ഐ വെയ് വെയുടെ സ്റ്റുഡിയോ ആണ് സര്‍ക്കാര്‍ തകര്‍ത്തത്. സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് ഐ വെയ് വെയ്. അതാണ് സ്റ്റുഡിയോ തകര്‍ത്തതിന് പിന്നിലെ കാരണമെന്ന് വെയ് വെയ് പറഞ്ഞു. സ്റ്റുഡിയോ തകര്‍ക്കുന്ന വീഡിയോ വെയ് വെയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

“ഫെയര്‍വെല്‍… അവരെന്റെ ബെയ്ജിങ്ങിലുള്ള സ്റ്റുഡിയോ “സുവോയുവോ” യാതൊരു മുന്നറിയിപ്പുമില്ലാതെ തകര്‍ത്തു കളഞ്ഞിരിക്കുന്നു” എന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. എല്ലാ ആര്‍ട്ട് വര്‍ക്കുകളും വളരെ പെട്ടെന്ന് മാറ്റാന്‍ കഴിയുമായിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് വര്‍ക്കുകള്‍ മാറ്റണമെന്ന് പറഞ്ഞത്. മൂന്നു ദിവസം കൊണ്ട് മാറ്റാന്‍ കഴിയാത്തത്രയും കാര്യങ്ങളുണ്ടായിരുന്നു. പല വര്‍ക്കുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പൊളിക്കുമെന്ന് യാതൊരുതരത്തിലുള്ള മുന്നറിയിപ്പുമുണ്ടായിരുന്നില്ല- എന്നാണ് വെയ് വെയുടെ അസിസ്റ്റന്റ് ഗാ റാങ്ങ് പറഞ്ഞത്.

2008ലെ ബെയ്ജിങ്ങ് ഒളിമ്പിക്‌സിനായി പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയം ഡിസൈന്‍ ചെയ്തത് വെയ് വെയുടെ നേതൃത്വത്തിലായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെയില്‍ പങ്കെടുക്കാനായി കൊച്ചി സന്ദര്‍ശിക്കാനുള്ള അനുമതി ചൈനീസ് സര്‍ക്കാര്‍ വെയ് വെയ്ക്ക് നിഷേധിച്ചിരുന്നു. അദ്ദേഹത്തിന് എത്താനായില്ലെങ്കിലും, ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന, അദ്ദേഹത്തിന്റെ വിഡിയോ ഇന്‍സ്റ്റലേഷന്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Read:  ‘നല്ലവരായ ഗോരക്ഷകരെ’ തിരിച്ചറിയാന്‍ ഐ.ഡി കാര്‍ഡ്

2006ലാണ് സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങിയത്. പ്രശസ്തനായ ചൈനീസ് കവി ഐ ക്വിങ്ങിന്റെ മകനാണ് വെയ് വെയ്. 2008ല്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി വെയ് വെയ് സംസാരിക്കുകയും കലാസൃഷ്ടികള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുതല്‍ അഴിമതിവരെ വെയ് വെയ് കലാസൃഷ്ടികളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. കലാകാരന്മാര്‍ക്കുനേരെ നടക്കുന്ന കൈകടത്തലുകള്‍ക്കെതിരെയും ആവിഷ്‌കാരസ്വാതന്ത്രത്തിന് വേണ്ടിയും വെയ് വെയ് സംസാരിച്ചിരുന്നു. കൂടാതെ 2011ല്‍ ഒരു സ്വതന്ത്ര ഡോക്യുമെന്ററിയില്‍ ജനങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്രത്തിന് വേണ്ടി ശക്തമായി പ്രതികരിച്ചിരുന്നു.

“നിങ്ങളോട് സര്‍ക്കാര്‍ മോശമായാണ് പെരുമാറുന്നതെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം. നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ആരും ഒന്നുമറിയില്ല. അതുകൊണ്ട് ശബ്ദിക്കണം. എന്റെ അച്ഛന്റെ കാലത്തുണ്ടായിരുന്നവരൊക്കെ പരാജയപ്പെട്ടിരുന്നു. കാരണം അവര്‍ ശബ്ദമുയര്‍ത്തുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഇനിയൊരു തലമുറക്ക് കൂടി ആ അവസ്ഥ വരാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇതിനെതിരെ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യും. അങ്ങനെ ക്രമേണ ചൈന ഒരു ജനാധിപത്യ രാജ്യമാകും. യുവാക്കള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. അവര്‍ക്കവരുടെ അറിവ് പ്രദര്‍ശിപ്പിക്കാനാകും. എല്ലാവര്‍ക്കുമിവിടെ നല്ലൊരു ജീവിതം ലഭിക്കും. അതിന് കുറച്ച് സമയമെടുക്കും. ഇവിടെയുള്ളത് സമയത്തിന്റെ പ്രശ്‌നം മാത്രമാണ്”. വെയ് വെയ് ഡോക്യുമെന്ററിയില്‍ പറഞ്ഞ വാക്കുകളാണിവ.

Read:  പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു

ഇത് സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയും തുടര്‍ന്ന് പൊലീസ് വെയ് വെയുടെ സ്റ്റുഡിയോ റെയ്ഡ് നടത്തുകയും നികുതി വെട്ടിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പിഴ ചുമത്തുകയും ചെയ്തു. പിന്നാലെ വെയ് വെയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും വര്‍ഷങ്ങളോളം യാത്ര ചെയ്യുന്നതിന് അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. തന്നെ പോലീസ് ഉപദ്രവിച്ചിരുന്നുവെന്നും വെയ് വെയ് പറഞ്ഞിരുന്നു.

അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വയ്ക്കുകയും വീടിനു പുറത്ത് ക്യാമറകള്‍ സ്ഥാപിക്കുകയും നിരന്തരം അദ്ദേഹത്തെ നിരീക്ഷിക്കുകയും ചെയ്തിരുന്നു പൊലീസ്. 2015ല്‍ ചൈനീസ് അധികാരികള്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും വെയ് വെയ് ബെര്‍ലിനിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഏറ്റവും ഒടുവിലാണ് സര്‍ക്കാര്‍ വെയ് വെയുടെ സ്റ്റുഡിയോ തകര്‍ത്തത്.

We use cookies to give you the best possible experience. Learn more