| Saturday, 25th February 2023, 10:31 am

കല്യാണം കഴിക്കൂ, ഒരു മാസം വീട്ടിലിരിക്കൂ, ശമ്പളം അക്കൗണ്ടിലെത്തും; പുതിയ പദ്ധതിക്കൊരുങ്ങി ചൈനീസ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനയില്‍ പുതുതായി വിവാഹിതരാവുന്ന യുവതി യുവാക്കള്‍ക്ക് ജോലിയില്‍ ഒരു മാസത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ തീരുമാനം. രാജ്യത്ത് കുറഞ്ഞ് വരുന്ന ജനന നിരക്ക് പ്രതിസന്ധിയെ മറിക്കടക്കാനായാണ് പ്രവിശ്യാ തലത്തില്‍ പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുന്നത്.

രാജ്യത്ത്  ഇതിന് മുമ്പ് നിലനിന്നിരുന്ന മൂന്ന് ദിവസത്തെ മാരേജ് ലീവാണ് 30 ദിവസമാക്കി ഉയര്‍ത്താന്‍ തീരുമാനമായത്.

പ്രവിശ്യാ അടിസ്ഥാനത്തിലായിരിക്കും അവധി അനുവദിക്കുന്നത്. ഗാന്‍സു, ഷാങ്‌സി പ്രവിശ്യകളില്‍ ഇതിനോടകം ഒരു മാസത്തെ അവധി അനുവദിച്ച് തീരുമാനമായിട്ടുണ്ട്. എന്നാല്‍ മറ്റു ചില പ്രവിശ്യകള്‍ അവധി പത്ത് ദിവസമായി ചുരുക്കിയിട്ടുമുണ്ട്. വൈകാതെ തന്നെ രാജ്യത്ത് മുഴുവന്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

നവദമ്പതികള്‍ക്ക് ലീവ് അനുവദിക്കുന്ന നടപടി രാജ്യത്തെ ജനന നിരക്കില്‍ വലിയ മാറ്റം കൊണ്ട് വരുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യ വികസന വിഭാഗം മേധാവി യാങ് ഹയാങ്ങും നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്നു.

മാരേജ് ലീവ് കൂട്ടുന്നത് ജനന നിരക്ക് ഉയര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും, ആദ്യപടിയായി സാമ്പത്തിക വളര്‍ച്ച കുറഞ്ഞ പ്രവിശ്യകളില്‍ നിയമം നടപ്പിലാക്കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വര്‍ധിച്ച് വരുന്ന ജനസംഖ്യ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 1980 ലാണ് ചൈന വിഖ്യാതമായ ‘ഒറ്റകുട്ടി നയം’ രാജ്യത്ത് നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യാ നിരക്കില്‍ വലിയ കുറവ് സംഭവിക്കുകയും ചെയ്തു. ഇത് യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാക്കാനും കാരണമായി.

ഇതിനെ തുടര്‍ന്ന് 2015ല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുകയും ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആവാമെന്ന നിയമം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇതിനോട് ചൈനീസ് ജനതയില്‍ നിന്നും തണുത്ത പ്രതികരണമാണ് ലഭിച്ചത്. 2022ല്‍ ചൈനയിലെ ജനന നിരക്ക് 6.77 ശതമാനമായി വീണ്ടും കുറഞ്ഞു.

തുടര്‍ന്നാണ് ജനന നിരക്ക് പ്രോത്സാഹിപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മാരേജ് ലീവിലും ഭേദഗതി വരുത്താന്‍ ചൈന തീരുമാനിച്ചത്.

ജനന നിരക്കിലെ കുറവ് ചൈനയിലെ വൃദ്ധരുടെ എണ്ണത്തിലും വലിയ വര്‍ധനക്ക് കാരണമായിട്ടുണ്ട്. ജനസംഖ്യയുടെ നല്ലൊരു പങ്കും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇത് രാജ്യത്തെ തൊഴില്‍ ശേഷിയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Content Highlight: Chinese government amended its marriage leave policy

We use cookies to give you the best possible experience. Learn more