| Sunday, 2nd April 2023, 7:35 pm

ഇനി മുതല്‍ 'പ്രണയിക്കാനും അവധി'; തീരുമാനം നടപ്പിലാക്കാനൊരുങ്ങി ചൈനീസ് കോളേജുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: രാജ്യത്തെ കുറഞ്ഞ് വരുന്ന ജനസംഖ്യാ നിരക്ക് പരിഹരിക്കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചൈന. യുവതീ യുവാക്കള്‍ക്കിടയില്‍ ജനനനിരക്ക് വര്‍ധിപ്പിക്കാനായി വിവിധ കോളേജുകള്‍ ഒരാഴ്ച്ചത്തേക്ക് പ്രണയാവധി പ്രഖ്യാപിച്ചതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള സ്പ്രിങ് വെക്കേഷന്‍ ഒരാഴ്ച്ചത്തേക്ക് നീട്ടി നല്‍കാനാണ് പുതിയ തീരുമാനം. അതോടൊപ്പം രാജ്യത്ത് നല്‍കിവന്നിരുന്ന നാഷണല്‍ ടോമ്പ് സ്വീപ്പിങ് അവധിയും ഒരു ദിവസത്തില്‍ നിന്ന് ഒരാഴ്ച്ചയായി നീട്ടാനും ചില കോളേജുകള്‍ തീരുമാനിച്ചിട്ടുണ്ട്.

വൊക്കേഷണല്‍ സിവില്‍ ഏവിയേഷന്‍ കോളേജടക്കം രാജ്യത്തെ ഏഴോളം കോളേജുകളാണ് പുതിയ അവധി സമ്പ്രദായം നടപ്പിലാക്കി ഉത്തരവിറക്കിയിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ അനുവദിച്ച പുതിയ അവധിക്കാലം പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് ജീവിക്കാനും പ്രണയത്തില്‍ ഏര്‍പ്പെടാനുമായി ഉപയോഗിക്കണമെന്നാണ് കോളേജ് ഓഫ് ഏവിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.

അതോടൊപ്പം അവധിക്കാലത്ത് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ യാത്രകള്‍ ചെയ്യാനും ഡയറി എഴുതാനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശമുണ്ട്.

ഉത്തരവിന് പിന്നാലെ കോളേജിന്റെ നടപടി വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് മുമ്പും ജനന നിരക്ക് വര്‍ധിപ്പിക്കാനായി സമാനമായ നടപടികളുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷമാണ് ചൈനയിലെ നവദമ്പതികള്‍ക്ക് വിവാഹ ശേഷം നല്‍കി വന്നിരുന്ന ഹണിമൂണ്‍ ലീവ് ഒരാഴ്ച്ചയില്‍ നിന്ന് ഒരു മാസത്തേക്ക് നീട്ടി ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

ജനസംഖ്യാ നിയന്ത്രണം പ്രാപല്യത്തിലായതിന് ശേഷം ലോകത്ത് തന്നെ ഏറ്റവും കുറവ് ജനന നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ചൈനയുടെ സ്ഥാനം. രാജ്യത്തെ ജനസംഖ്യയില്‍ യുവാക്കളേക്കാള്‍ വൃദ്ധന്മാരുള്ള നാട്ടിലെ പ്രതിസന്ധി പരിഹരിക്കാനായി തങ്ങളുടെ ഒറ്റക്കുട്ടി നയം തിരുത്താനും ചൈന തയ്യാറായിരുന്നു.

Content Highlight: Chinese government allow new leave scheme for love

We use cookies to give you the best possible experience. Learn more