ബെയ്ജിങ്: 28 വര്‍ഷത്തനിടയിലെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കിലാണ് ചൈനയെന്ന് ഔദ്യോഗിക സ്ഥിരീകരണം. 1990 ന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ അറ്റ ആഭ്യന്തര ഉല്‍പാദന നിരക്ക് കുത്തനെ കുറയുന്നത്. 2018ല്‍ ചൈനയുടെ ജി.ഡി.പി. നിരക്കില്‍ 6.6 ശതമാനമാണ് രേഖപ്പെടുത്തതിയത്. 2018ന്റെ നാലാം പാദത്തില്‍ 6.4 ശതമാനമാണ് രേഖപ്പെടുത്തിയത്.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും കമ്പനികളുടെ വലിയ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാതിരുന്നതും തിരിച്ചടിയായെന്നാണ് കണക്കു കൂട്ടല്‍. വ്യാപാര യുദ്ധം ശക്തമായത് ചൈനയുടെ വിപണിയെ കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ALSO READ: മുനമ്പം മനുഷ്യക്കടത്ത്; ഭക്ഷണവും ഇന്ധനവും കഴിഞ്ഞു, ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക്
2019ല്‍ ജി.ഡി.പി നിരക്ക് ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടല്‍. 6 ശതമാനത്തിലേക്ക് അറ്റ ആഭ്യന്തര ഉല്‍പാദന നിരക്ക് കുറഞ്ഞേക്കുമെന്ന് ബെയ്ജിങിലെ സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടുന്നു. പക്ഷെ മുന്‍കരുതല്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ജി.ഡി.പിയിലെ ഇടിവ് പരിഹരിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ചൈനയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് രാജ്യാന്തര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകരും കമ്പനികളും. നേരത്തെ അമേരിക്കന്‍ വിപണിയുലുണ്ടായ ഇടിവ് വാള്‍സ്ട്രീറ്റിന് പുറമെ രാജ്യാന്തര വിപണിയേയും ബാധിച്ചിരുന്നു.