| Wednesday, 3rd January 2024, 1:48 pm

ടെസ്‌ലയെ മറികടന്ന് ചൈനീസ് കാർ നിർമ്മാതാക്കളായ ബി.വൈ.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കൻ കാർ നിർമാതാക്കളായ ടെസ്‌ലയെ മറികടന്ന് ബി.വൈ.ടി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ബിൽഡ് യുവർ ഡ്രീംസ് എന്ന ചൈനീസ് കാർ നിർമാതാക്കൾ. ലോകത്തിലെ പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആണ് ബി.വൈ.ടി.

നാലാം പാദ വാർഷിക കണക്ക് പ്രകാരമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിലിൽ ബി.വൈ.ടി ടെസ്‌ലയെ മറികടന്നത്. 526,000 ഇലക്ട്രിക് വാഹനങ്ങളാണ് ബി.വൈ.ടി നാലാം പാദത്തിൽ വിറ്റഴിച്ചത്, 484,000 ഇലക്ട്രിക് വാഹനങ്ങളാണ് ഈ കാലയളവിൽ ടെസ്‌ലക്ക് വിൽക്കാൻ ആയത്.

വാർഷിക കണക്ക് പ്രകാരം ഇലക്ട്രിക് വാഹന നിർമാണത്തിലും ബി.വൈ.ടി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 2023ൽ 3.02 മില്യൺ ഇലക്ട്രിക് വാഹനങ്ങളാണ് ബി.വൈ.ടി നിർമ്മിച്ചത്.

വാർഷിക കണക്ക് വിൽപ്പന പ്രകാരം ടെസ്‌ല തന്നെ ആണ് ഇപ്പോഴും മുന്നിൽ. 2023ലെ കണക്ക് പ്രകാരം 1.8 മില്യൺ ഇലക്ട്രിക് വാഹനങ്ങൾ ടെസ്‌ല വിറ്റപ്പോൾ 1.6 ഇലക്ട്രിക് വാഹനങ്ങളാണ് ബി.വൈ.ടി വിറ്റത്. മുൻ വർഷത്തേക്കാൾ 73% ന്റെ വർദ്ധനവ് ബി.വൈ.ടി ഈ വർഷം ഉണ്ടായി, ടെസ്‌ലക്ക് 38% ന്റെ വർധനവാണ് ഉണ്ടായത്.

മൊബൈൽ ബാറ്ററി നിർമാണ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബി.വൈ.ടിയുടെ 25% ഓഹരി 2008 ൽ ആണ് വാറന്‍ ബഫറ്റ്‌ വാങ്ങുന്നത്. 2011ൽ ബ്ലൂംബർഗുമായുള്ള ഇന്റർവ്യൂവിൽ ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് ബി.വൈ.ടി ഒരു എതിരാളിയായി വരുമോ എന്ന ചോദ്യത്തിനെ ടെസ്‌ല ഉടമസ്ഥൻ ഇലോൺ മസ്ക് ചിരിച്ച് തള്ളുകയാണ് ചെയ്തത്.

ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കൾ ആയ ബി.വൈ.ടിയും നിയോയും അന്താരാഷ്ട്ര വാഹന വിപണിയിൽ ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലും യൂറോപ് വിപണി കേന്ദ്രികരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. നിലവിൽ 5 മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച ബി.വൈ.ടി ഈ വർഷം 3 മോഡലുകൾ കൂടി വിപണിയിലെത്തിക്കാനും ഹങ്കറിയിൽ പുതിയ നിർമാണ യൂണിറ്റ് തുടങ്ങാനും ലക്ഷ്യം വെക്കുന്നുണ്ട്. ബ്രെക്സിറ്റിന്റെ സാഹര്യത്തിൽ യു.കെയിൽ നിർമാണ യൂണിറ്റ് തുടങ്ങുന്നില്ലെന്നും ബി.വൈ.ടി അറിയിച്ചിരുന്നു.

2030 ഓടു കൂടി തങ്ങളുടെ 8 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ യൂറോപ്യൻ നിരത്തുകളിൽ എത്തിക്കാൻ ആണ് ബി.വൈ.ടി ലക്ഷ്യം എന്നാൽ യൂറോപ്യൻ യൂണിയൻ ചൈനീസ് ഇലക്ട്രിക് വാഹന ഇറക്കുമതിക്കുമേൽ സബ്‌സിഡി വിരുദ്ധ അന്വേഷണം ആരംഭിച്ചത് ബി.വൈ.ടിയുടെ ലക്ഷ്യത്തിന് ഭീഷണിയാണ്.

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കൾ യൂറോപ്യൻ വിപണി കയ്യടക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ടെസ്‌ല പറഞ്ഞത് യൂറോപ്യൻ യൂണിയന്റെ അന്വേഷണം ആരംഭിക്കുന്നത് വഴി ബി.വൈ.ടി ഉൾപ്പെടെയുള്ള ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ അവസരങ്ങൾ കുറയുമെന്നാണ്.

Content Highlights: Chinese electric car makers B.Y.D surpasses Tesla

We use cookies to give you the best possible experience. Learn more