| Sunday, 4th June 2023, 12:09 pm

അമേരിക്ക-ചൈന സംഘര്‍ഷം ലോകത്തിന്റെ നാശത്തിന് കാരണമാകും; യു.എസിന് മുന്നറിയിപ്പുമായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: അമേരിക്കയും ചൈനയും തമ്മില്‍ ഏതുവിധേനയുമുള്ള സംഘര്‍ഷം ലോകത്തിന് താങ്ങാനാകാത്ത ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു. തായ്വാന്‍ കടലിടുക്കിലൂടെ സംയുക്ത കപ്പല്‍യാത്ര നടത്തി മനപ്പൂര്‍വം അപകടസാധ്യത സൃഷ്ടിച്ചതിന് യു.എസിനെയും കാനഡയെയും ചൈനീസ് നേതാവ് വിമര്‍ശിച്ചു.

ചൈനയ്ക്കും യു.എസിനും ഒരുമിച്ച് വളരാന്‍ ഈ ലോകം പര്യാപ്തമാണെന്നും ബീജിങ് യു.എസുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും ലി ഷാങ്ഫുവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഏഷ്യാ സെക്യൂരിറ്റി ഫോറം സംഘടിപ്പിച്ച ഷാംഗ്രി-ലാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ലി.

ഏഷ്യാ പസഫിക്കില്‍ നാറ്റോ പോലുള്ള സൈനിക സഖ്യങ്ങള്‍ കൊണ്ടുവരുന്നതിനെയും ചൈനീസ് പ്രതിരോധ മന്ത്രി വിമര്‍ശിച്ചു. ‘പസഫിക് മേഖലയിലെ നാറ്റോ സഖ്യങ്ങള്‍ക്കെതിരെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഏത് സംഘട്ടനവും ലോകത്തിന് താങ്ങാനാവാത്ത ദുരന്തം കൊണ്ടുവരും. ചില രാജ്യങ്ങള്‍ ആയുധക്കച്ചവട മത്സരം ശക്തമാക്കുകയും ആഭ്യന്തര കാര്യങ്ങളില്‍ മനഃപൂര്‍വം ഇടപെടുകയും ചെയ്യുകയാണ്.

തര്‍ക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ചുഴലിക്കാറ്റിലേക്ക് അവര്‍ ഈ പ്രദേശത്തെ മുക്കിക്കൊല്ലും. ഒരു ശീതയുദ്ധ സാഹചര്യം ഇപ്പോള്‍ ഉടലെടുത്തിട്ടുണ്ട്. ഇത് സുരക്ഷാ-അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. പരസ്പര ബഹുമാനം ഭീഷണിപ്പെടുത്തലിനും ആധിപത്യത്തിനുമപ്പുറം നിലനില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.

സൈനിക ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിച്ചതിന് ശനിയാഴ്ച സിംഗപ്പൂരിലെ സുരക്ഷാ യോഗത്തില്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ചൈനയെ വിമര്‍ശിച്ചിരുന്നു. രണ്ട് സൈന്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി മാനേജ്‌മെന്റിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങളില്‍ കൂടുതല്‍ ഗൗരവമായി ഇടപെടാന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന തയ്യാറല്ലെന്നതില്‍ വലിയ ആശങ്കയുണ്ടെന്ന് ഓസ്റ്റിന്‍ പറഞ്ഞു.

‘നമ്മള്‍ എത്രയധികം സംസാരിക്കുന്നുവോ, അത്രയധികം പ്രതിസന്ധികളിലേക്കോ സംഘര്‍ഷങ്ങളിലേക്കോ നയിച്ചേക്കാവുന്ന തെറ്റായ കണക്കുകൂട്ടലുകള്‍ ഒഴിവാക്കാനാകും. ചൈനയുടെ ഭീഷണിക്കോ ബലപ്രയോഗത്തിനോ മുന്നില്‍ വാഷിങ്ടണ്‍ പതറില്ല.

തായ്വാന്‍ കടലിടുക്കിലൂടെയും, ദക്ഷിണ ചൈനാ കടലിലൂടെയും യു.എസ് കപ്പലുകള്‍ സ്ഥിരമായി കയറുകയും അവ അന്താരാഷ്ട്ര പാതയാണെന്ന് ഊന്നിപ്പറയുകയും ചെയ്യും. ഈ മേഖലയിലെ ബീജിങിന്റെ വ്യാപകമായ പ്രാദേശിക അവകാശവാദങ്ങളെ പ്രതിരോധിക്കും,’ ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: chinese defence minister warns us interference in taiwan sea

We use cookies to give you the best possible experience. Learn more