എണ്ണവില്‍പനയില്‍ യുവാന്‍ സ്വീകരിക്കാനുള്ള സൗദി നീക്കത്തിന് പിന്നാലെ ചൈനീസ് കറന്‍സി മൂല്യത്തില്‍ വന്‍ വര്‍ധനവ്
World News
എണ്ണവില്‍പനയില്‍ യുവാന്‍ സ്വീകരിക്കാനുള്ള സൗദി നീക്കത്തിന് പിന്നാലെ ചൈനീസ് കറന്‍സി മൂല്യത്തില്‍ വന്‍ വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 9:00 am

ബീജിങ്: എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ യുവാന്റെ മൂല്യം കുത്തനെ കൂടി.

ചൈനയുമായുള്ള എണ്ണ ഇടപാടുകള്‍ യുവാനില്‍ കൂടി നടത്താന്‍ സൗദിക്കും ചൈനക്കുമിടയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തുന്നതായുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് യുവാന്റെ മൂല്യം വര്‍ധിച്ചത്.

ഡോളറുമായുള്ള യുവാന്റെ മൂല്യമാണ് വര്‍ധിച്ചത്. യുവാന്‍ മൂല്യത്തില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവ് വന്നതോടെ ഒരു ഡോളറിന് 6.3867 യുവാന്‍ എന്ന നിരക്കിലെത്തി.

സൗദിയുമായുള്ള ചൈനീസ് ചര്‍ച്ചകളുടെ വാര്‍ത്ത പുറത്തുവരുന്നതിന് മുമ്പ്, അമേരിക്കന്‍ ട്രേഡിങ്ങില്‍ യുവാന്റെ മൂല്യത്തില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

അതേസമയം, ആഗോള മാര്‍ക്കറ്റിലും എണ്ണ ഇടപാടുകളിലും അമേരിക്കന്‍ ഡോളറിനുള്ള ആധിപത്യത്തിന് ഭീഷണിയായിരിക്കും സൗദിയുടെ എണ്ണ ഇടപാടുകളിലേക്കുള്ള യുവാന്റെ കടന്നുവരവ്, എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉക്രൈന്‍- റഷ്യ യുദ്ധം ആരംഭിക്കുകയും റഷ്യക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത് മുതല്‍തന്നെ അമേരിക്കന്‍ ഡോളര്‍ കേന്ദ്രീകൃത ആഗോള എക്കണോമിയില്‍ നിന്നും മാറി ചിന്തിക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

സാമ്പത്തിക ശക്തി എന്ന നിലയില്‍ അമേരിക്കയുടെ നേരിട്ടുള്ള കോംപറ്റീറ്റര്‍ കൂടിയാണ് ചൈന എന്നിരിക്കെ, ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ക്ക് ചൈനീസ് കറന്‍സി ഉപയോഗിക്കാന്‍ തുടങ്ങുന്നത് അമേരിക്കക്ക് വെല്ലുവിളിയായേക്കാം.

സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്.

2016 മുതല്‍ ഇത് സംബന്ധിച്ച ആലോചനകള്‍ ചൈനക്കും സൗദിക്കുമിടയില്‍ നടന്നുവരികയായിരുന്നു. അമേരിക്കക്കെതിരായ സൗദിയുടെ ശക്തമായ നിലപാട് കൂടിയായാണ് നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നത്.

സൗദിയുടെ സുരക്ഷയുടെ കാര്യത്തില്‍ യു.എസിന്റെ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യത്തിന് അതൃപ്തിയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ സൗദിയുടെ നീക്കങ്ങളെ യു.എസ് പിന്തുണക്കുന്നില്ല എന്നതും ഇറാന്‍ ആണവക്കരാറുകള്‍ പുതുക്കുന്നതിന് യു.എസ് മുന്‍കൈ എടുക്കുന്നതും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ ഈയിടെ ചൊടിപ്പിച്ച വിഷയങ്ങളായിരുന്നു.

ഉക്രൈന്‍ വിഷയത്തിലെ യു.എസിന്റെ നിലപാടുകളും റഷ്യക്ക് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് സൗദിയുടെ ഇപ്പോഴത്തെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഉക്രൈന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി പിന്തുണക്കുന്ന രാജ്യം കൂടിയാണ് ചൈന.

സൗദിയുടെ നീക്കം ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള മറ്റ് രാജ്യങ്ങള്‍ കൂടി പിന്തുടരുകയാണെങ്കില്‍ ലോക സാമ്പത്തികരംഗത്തെ അമേരിക്കന്‍ ഡോളറിന്റെ അപ്രമാദിത്വത്തിന് അത് ഭീഷണിയാവുമെന്നാണ് കണക്കുകൂട്ടുന്നത്.

നേരത്തെ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതും എണ്ണവില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കാന്‍ അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളായിരുന്നു പരാജയപ്പെട്ടത്.

റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ചതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നതാണ് യു.എസിന്റെ ആവശ്യം.

എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ എണ്ണ പമ്പ് ചെയ്യാന്‍ യു.എ.ഇയും സൗദിയും വിസമ്മതിക്കുകയായിരുന്നു. ഒപെകും (Opec) റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും അപ്പ്രൂവ് ചെയ്ത നിലവിലെ പ്രൊഡക്ഷന്‍ പ്ലാനില്‍ ഉറച്ചുനില്‍ക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം.


Content Highlight: Chinese currency Yuan jumps after report of Saudi Arabia considering its use in oil deals, a hit to American dollar