| Thursday, 22nd September 2022, 4:38 pm

ആദ്യം രാജ്യസ്‌നേഹം, പിന്നെയാവട്ടെ മതം; രാജ്യത്തെ മുസ്‌ലിങ്ങളോട് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: തങ്ങളുടെ മതത്തേക്കാള്‍ രാജ്യത്തിനും രാജ്യസ്‌നേഹത്തിനും പ്രാധാന്യം നല്‍കണമെന്ന് ചൈനയിലെ മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്ത് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

മതപരമായ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ വാങ് യാങ് (Wang Yang) ആണ് ‘ശരിയായ രാഷ്ട്രീയദിശ നിലനിര്‍ത്താനും ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കാനും’ രാജ്യത്തെ ഇസ്‌ലാമിക അസോസിയേഷനുകളോടും മുസ്‌ലിം സമൂഹത്തോടും ആഹ്വാനം ചെയ്തത്.

ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ തലവനും പാര്‍ട്ടിയുടെ ടോപ് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കൂടിയാണ് വാങ് യാങ്.

ചൈന ഇസ്‌ലാമിക് അസോസിയേഷനുമായി (China Islamic Association) നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് വാങ് യാങ് ഇക്കാര്യം ഉന്നയിച്ചത്.

മതപരമായ കാര്യങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കണമെന്നും ഇസ്‌ലാമിക നേതാക്കളെയും മുസ്‌ലിങ്ങളെയും പാര്‍ട്ടിക്കും സര്‍ക്കാരിനും പിന്നില്‍ അണിനിരത്തണമെന്നും വാങ് യാങ് പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

‘കൃത്യമായ രാഷ്ട്രീയ ദിശ നിലനിര്‍ത്താനും, രാജ്യസ്‌നേഹവും സോഷ്യലിസവും ഉയര്‍ത്തിപ്പിടിക്കാനും, ചൈനയില്‍ ഇസ്‌ലാമിനെ വികസിപ്പിക്കുന്നതിനൊപ്പം ചൈനീസ് ദിശാബോധം ശക്തിപ്പെടുത്താനും, ചൈനയിലെ ഇസ്‌ലാമിനെ സോഷ്യലിസ്റ്റ് സമൂഹവുമായി പൊരുത്തപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാനും’ വാങ് യാങ് ചൈന ഇസ്‌ലാമിക് അസോസിയേഷന്റെ പുതിയ നേതൃത്വത്തോട് ആഹ്വാനം ചെയ്തു.

പടിഞ്ഞാറന്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ന്യൂനപക്ഷമായ ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈനീസ് ഭരണകൂടം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്, എന്ന യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു യു.എന്നിന്റെ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (United Nations High Commissioner for Human Rights) ഓഫീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Content Highlight: Chinese communist party tells its Muslims to put patriotism first

Latest Stories

We use cookies to give you the best possible experience. Learn more