| Monday, 14th March 2022, 6:43 pm

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതിക്കെതിരായ കമ്മീഷനെ ഷി ചിന്‍പിങ് ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) പൊളിറ്റിക്കല്‍ ടൂള്‍ ആയ സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷനെ (സി.സി.ഡി.ഐ) തന്റെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി പ്രയോഗിച്ചുകൊണ്ട് പ്രസിഡന്റ് ഷി ചിന്‍പിങ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

അഴിമതി സംബന്ധമായ പരിശോധനകള്‍ക്ക് വേണ്ടിയായിരുന്നു സി.സി.ഡി.ഐക്ക് രൂപം നല്‍കിയത്. എന്നാല്‍ ഇത് രാഷ്ട്രീയ പകപോക്കലിനായി ഷി ചിന്‍പിങ് ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഴിമതിവിരുദ്ധ പ്രവര്‍ത്തനം എന്ന മുഖ്യ ഉദ്ദേശത്തില്‍ നിന്നും ‘പെരുമാറ്റ പരിഷ്‌കരണം’, ‘ഉദ്യോഗസ്ഥഭരണത്തിന്റെ കാര്യപ്രാപ്തിയില്ലായ്മ’ എന്നിവയിലേക്ക് സി.സി.ഡി.ഐയുടെ പ്രവര്‍ത്തനം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നാണ് എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019നും 2021നുമിടയില്‍ സി.സി.ഡി.ഐ കൈകാര്യം ചെയ്ത കേസുകളെ വിശകലനം ചെയ്തതില്‍ 46 കേസുകള്‍ മാത്രമാണ് സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. അതേസമയം, 54 കേസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്.

പാര്‍ട്ടിയുടെ നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കാത്ത ഉദ്യോഗസ്ഥരെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് പാര്‍ട്ടി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതും പ്രധാനമായും കേസെടുക്കുന്നതും, എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉന്നത തലങ്ങളിലെ ഉദ്യോഗസ്ഥര്‍ മുതല്‍ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കെതിരെ വരെ കമ്മീഷനെ ഉപയോഗിച്ച് കേസെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


Content Highlight: Chinese Communist Party’s political tool against corruption is used to eliminate political adversaries of Xi Jinping

We use cookies to give you the best possible experience. Learn more