ഷാങ്ഹായി: ചൈനീസ് നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടി. കൊവിഡ് മരണനിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം.
ഏറ്റവും പുതിയ കൊവിഡ് വ്യാപനത്തില്‍ ഇതുവരെ 36 പേരാണ് ഷാങ്ഹായില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം 17,629 പുതിയ കൊവിഡ് കേസുകളാണ് ഷാങ്ഹായില്‍ റിപ്പോര്‍ട്ട് ചെയ്തത്. 11 മരണവും രേഖപ്പെടുത്തി.
നേരത്തെ നഗഗരത്തില്‍ കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതിനായി നിരത്തുകളില്‍ റോബോട്ടുകളെ ഉപയോഗിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയതെല്ലാം വലിയ വാര്‍ത്തയായിരുന്നു.
നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വീടിന് പുറത്തിറങ്ങരുതെന്നാണ് ഇവിടെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
അതേസമയം, കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്.
ചൈനയുടെ ഫിനാന്‍ഷ്യല്‍ ഹബ് കൂടിയാണ് ഷാങ്ഹായ്. 26 മില്യണ്‍ ജനങ്ങളാണ് ഷാങ്ഹായിലുള്ളത്.
2019 ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലായിരുന്നു ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Chinese city Shanghai extends Covid lockdown till April 26 as death toll rises