| Monday, 13th September 2021, 9:56 pm

പ്രാദേശികമായി വീണ്ടും കൊവിഡ് വ്യാപനം; നിയന്ത്രണം ശക്തമാക്കി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: പ്രാദേശികമായി വീണ്ടും കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണം കര്‍ശനമാക്കി ചൈന. ഫ്യുജിയാന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് നീക്കം.

ഇതോടെ ഇവിടത്തെ സിനിമ തിയേറ്ററുകളും ജിം സെന്ററുകളും ദേശീയ പാതയിലേക്കുള്ള റോഡുകളും അടച്ചു. പ്രവിശ്യയില്‍ വൈറസ് വ്യാപിച്ചാല്‍ ഗൗരവതരവും ബുദ്ധിമുട്ടേറിയതുമാകുമെന്നതിനാല്‍ ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു.

പ്രവിശ്യയിലെ പട്ടണമായ പുതിയാനിലെ സ്‌കൂളുകളും അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാന്‍ പട്ടണത്തിലേക്ക് ദേശീയ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ അയയ്ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

സെപ്റ്റംബര്‍ 10 നും 12 നുമിടയില്‍ 43 പേര്‍ക്കാണ് ഫ്യുജിയാനില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 35 ഉം പുതിയാനിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലെ വുഹാനില്‍ നിന്നാണ് 2019 ല്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. ലോകത്താകമാനം പടര്‍ന്ന ഈ വൈറസ് ഇതിനോടകം 22 കോടിയിലധികം പേര്‍ക്ക് ബാധിച്ചിട്ടുണ്ട്.

46 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chinese city imposes travel curbs, closes public venues in new COVID-19 outbreak

We use cookies to give you the best possible experience. Learn more