| Wednesday, 22nd July 2020, 8:57 pm

മടങ്ങാന്‍ മടിച്ച് ചൈന; വാക്ക് പാലിച്ചോ? ലഡാക്ക് മേഖലയില്‍ നടക്കുന്നതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറാമെന്ന് ചര്‍ച്ചയില്‍ ധാരണയായിട്ടും മേഖലയില്‍ നിന്നും ചൈനീസ് സൈന്യം വിട്ടുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

പാംഗോഗ് തടാകത്തിനടുത്തുള്ള ഡെപ്‌സാങ് സമതല മേഖല, ഗോഗ്ര, ഫിംഗര്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയ ഫിംഗര്‍ 5 മേഖലയില്‍ നിന്നും ഫിംഗര്‍ 8 ലേക്ക് തിരികെ പോവാന്‍ ഇവര്‍ മടിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ ഏരിയയില്‍ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാന്‍ ചൈന ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

‘വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, സൈനികര്‍, പീരങ്കികള്‍ തുടങ്ങിയ 4000 ത്തോളം വരുന്ന കനത്ത സൈനിക വിന്യാസം ചൈന തുടരുന്നതിനാല്‍ പിന്‍മാറ്റത്തിന്റെ ഒരു സൂചനകളും കാണുന്നില്ല,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരു വിഭാഗത്തെയും സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യയും ചൈനയും മേഖലയിലെ പിന്‍മാറ്റത്തിന് ധാരണയായിരുന്നത്.

ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര, എന്നീ പെട്രോളിംഗ് പോയിന്റുകളില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരം ചൈന പിന്‍മാറിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും സൈനിക പിന്‍മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയതിനു പിന്നാലെയായിരുന്നു സൈന്യം പിന്‍മാറിയത്. പെട്രോള്‍ പോയ്ന്റ് 14 ലെ കൂടാരങ്ങള്‍ പൊളിച്ചു മാറ്റി ഒന്നരകിലോമീറ്ററോളം ചൈനീസ് സൈന്യം പിന്‍മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ കൂടാരങ്ങള്‍ പൊളിച്ചു നീക്കിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും പ്രദേശത്തെ കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മല നിരകള്‍ നിറഞ്ഞ ഗാല്‍വാനില്‍ നിന്ന് പരസ്പരം കാണാന്‍ പറ്റാത്ത വിധമാണ് സൈന്യം പിന്‍മാറിയതെന്നും നാലു കിലോമീറ്ററോളം ആളില്ലാ മേഖല സൃഷ്ടിച്ചിരിക്കുകയുമാണെന്നാണ് സൈനിക വൃത്തങ്ങള്‍ അന്ന് പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more