40 ദിവസം അവര്‍ അതിജീവിച്ചത് വിത്തുകളും വേരുകളും ഭക്ഷിച്ച്; ആമസോണ്‍ വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പറയാനുള്ളത്
World News
40 ദിവസം അവര്‍ അതിജീവിച്ചത് വിത്തുകളും വേരുകളും ഭക്ഷിച്ച്; ആമസോണ്‍ വനത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th June 2023, 5:45 pm

ബൊഗോട്ട: ചെറുവിമാനം തകര്‍ന്ന് 40 ദിവസം ആമസോണ്‍ വനത്തിലകപ്പെട്ട നാല് കുട്ടികളും അതിജീവിച്ചത് വിത്തുകളും വേരുകളും ചെടികളും ഭക്ഷിച്ചെന്ന് തദ്ദേശീയര്‍.

ഭക്ഷ്യയോഗ്യമെന്ന് മനസിലാക്കിയ വിത്തുകളും വേരുകളും ചെടികളും കഴിച്ചാണ് കുട്ടികള്‍ അതിജീവിച്ചതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അകോസ്റ്റ പറഞ്ഞു.

‘അവര്‍ ഹുയിറ്റോട്ടോ തദ്ദേശീയ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്. അവര്‍ക്ക് വനത്തെ കുറിച്ച് നന്നായി അറിയാം. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കണ്ടെന്നും അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് അവര്‍ക്ക് അതിജീവിക്കാനായത്,’ നാഷണല്‍ ഇന്‍ഡിജിനസ് ഓര്‍ഗനൈസേഷന്‍ ഓഫ് കൊളംബിയയിലെ ലൂയിസ് അകോസ്റ്റ അല്‍ജസീറയോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം സൈനിക ആശുപത്രിയിലെത്തിയ കുട്ടികള്‍ അവരുടെ കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തെ കണ്ടതിന് ശേഷം കുട്ടികള്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചതായി ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. അവര്‍ക്ക് വനത്തില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്ന് അറിയാമായിരുന്നുവെന്ന് കുട്ടികളുടെ മുത്തച്ഛന്‍ പറഞ്ഞു.

‘അവര്‍ കാടിന്റെ മക്കളാണ്. അവര്‍ക്ക് വനത്തില്‍ നിന്നും എങ്ങനെ അതിജീവിക്കണമെന്ന് അറിയാം,’ സൈനിക ആശുപത്രിയില്‍ കുട്ടികളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അവരുടെ മുത്തച്ഛന്‍ പറഞ്ഞു.

കുട്ടികളുടെ അതിജീവനം അവര്‍ പ്രകൃതിയെ കുറിച്ച് പഠിച്ചെടുത്ത് അറിവുകളാണെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്‍ഡിജിനസ് പീപ്പീള്‍സ് ഓഫ് കൊളംബിയ പറഞ്ഞു

‘ കുട്ടികളുടെ അതിജീവനം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും അവര്‍ പഠിച്ചെടുത്ത പ്രകൃതിയെ കുറിച്ചുളള അറിവുകളുടെയും പ്രകൃതിയോടുള്ള ബന്ധത്തിന്റെയും അടയാളമാണ്,’ നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്‍ഡിജിനസ് പീപ്പീള്‍സ് ഓഫ് കൊളംബിയ പറഞ്ഞു.

ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറക്കും ഗ്വാവിയര്‍ പ്രവിശ്യയിലെ സാന്‍ ജോസ് ഡെല്‍ ഗ്വാവിയര്‍ മേഖലക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ മെയ് ഒന്നിനായിരുന്നു വിമാനാപകടം ഉണ്ടായത്. എന്‍ഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.

അമ്മയും നാല് മക്കളും പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു വയസുള്ള കുഞ്ഞും പതിമൂന്നും, ഒന്‍പതും നാലും വയസുള്ള കുട്ടികളുമായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്മയും പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. 40 ദിവസത്തിന് ശേഷം ഇന്നലെയാണ് തിരച്ചിലിനൊടുവില്‍ കുട്ടികളെ കണ്ടെത്തിയത്.

അപകടത്തിന് പിന്നാലെ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ സൈന്യും തുടങ്ങിയിരുന്നു. കുട്ടികള്‍ ഉപയോഗിച്ച വെള്ളകുപ്പികളും രണ്ട് കത്രികകളും മുടികെട്ടാന്‍ ഉപയോഗിച്ച റിബ്ബണും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ കാലടയാളങ്ങളും സൈന്യം കണ്ടെത്തി. ഇതാണ് കുട്ടികളെ കണ്ടെത്താന്‍ സൈന്യത്തെ സഹായിച്ചത്.

Content Highlight: Chindrens survive 40 days eating seeds and roots in amazon