ബീജിങ്: പൊതുമധ്യത്തിൽ രണ്ട് ആഴ്ചയിലേറെയായി പ്രത്യക്ഷപ്പെടാത്ത ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ മുമ്പ് അന്വേഷണ വിധേയനാക്കിയിരുന്നു എന്ന് യു.എസ്. ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്ന് യു.എസ് അവകാശപ്പെടുന്നതായി ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ക്യാബിനറ്റ്, അഗത ക്രിസ്റ്റിയുടെ നോവലായ ‘ആൻഡ് ദെൻ ദേർ വേർ നണ്ണി’നെ ഓർമിപ്പിക്കുന്നതാണെന്ന് ജപ്പാനിലെ യു.എസ് പ്രതിനിധിയായ റാഹ്‌മ് ഇമാനുവൽ സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.
‘അഗത ക്രിസ്റ്റിയുടെ നോവലായ ‘ആൻഡ് ദെൻ ദേർ വേർ നണ്ണി’നോട് സാദൃശ്യമുള്ളതാണ് പ്രസിഡന്റ് ഷിയുടെ ക്യാബിനറ്റ് ഇപ്പോൾ.
ആദ്യം, വിദേശകാര്യ മന്ത്രി ചിൻ ഗാങിനെ കാണാതായി. പിന്നീട് റോക്കറ്റ് ഫോഴ്സ് കമാൻഡർമാരെ കാണാതായി. ഇപ്പോൾ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ രണ്ട് ആഴ്ചയായി പൊതുമധ്യത്തിൽ കാണുന്നില്ല,’ ഇമാനുവൽ എക്‌സിൽ കുറിച്ചു.
തൊഴിലില്ലായ്മയിലെ ഓട്ടത്തിൽ ചൈനയിലെ യുവാക്കളാണോ ഷിയുടെ ക്യാബിനറ്റ് ആണോ ജയിക്കാൻ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ജൂലൈയിൽ ചൈനയുടെ വിദേശകാര്യ മന്ത്രിയായ ചിൻ ഗാങിനെ കാണാതായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഷാങ്ഫുവിന്റെ തിരോധാനം.
രണ്ട് മാസം മുമ്പ്, രാജ്യത്തിന്റെ ന്യൂക്ലിയർ മിസൈലുകൾക്ക് മേൽനോട്ടം നൽകുന്ന പീപിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിൽ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഷി ജിൻപിങ് ഒഴിവാക്കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച വിയറ്റ്നാമിൽ നടക്കേണ്ടിയിരുന്ന ചർച്ച ലി റദ്ദാക്കിയിരുന്നു എന്ന് വിയറ്റ്നാം ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
2018ൽ പീപിൾസ് ലിബറേഷൻ ആർമിയുടെ തലവനായിരുന്ന ലിക്ക് റഷ്യയിലെ ആയുധ വ്യാപാരവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Content Highlight: China’s defence minister, ‘missing’ for over 2 weeks, under investigation: Report