| Thursday, 19th August 2021, 9:13 am

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനുമായി സൗഹാര്‍ദ്ദപരമായ സഹകരണത്തിനും അയല്‍ബന്ധത്തിനും തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിക്കുന്നത്.

‘അഫ്ഗാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. അഫ്ഗാനിസ്ഥാന് സ്വന്തം ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താല്‍പ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന തുറന്ന ചിന്താഗതിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

ഉയിഗര്‍ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ക്ക് താവളം നല്‍കില്ലെന്ന വാഗ്ദാനവും താലിബാന്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ തുടര്‍ന്നും ചൈന സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രാതിനിധ്യം സംബന്ധിച്ച താലിബാന്‍ പ്രസ്താവനയോട് പ്രതികരിക്കവെ, അഫ്ഗാന്‍ സാഹചര്യം വലിയ തോതില്‍ മാറിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ തുടര്‍ന്നും സഹായിക്കുമെന്നും ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത്.

അതേസമയം, സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15, 16 തിയതികളിലായാണ് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.

താലിബാന്‍ ഭരണത്തിലെത്തുന്നതിനെ കടുത്ത ആശങ്കയോടെയാണ് അഫ്ഗാന്‍ ജനത നോക്കിക്കാണുന്നത്. ജനങ്ങളുടെ കൂട്ടപ്പലായനമാണ് രാജ്യത്ത് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: China won’t recognise Taliban until government formation

We use cookies to give you the best possible experience. Learn more