ഇന്ത്യയില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ വീണ്ടും ചൈനയുടെ സഹായം തേടേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ശ്രീലങ്കന്‍ പ്രസിഡന്റ്
Sri Lanka
ഇന്ത്യയില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ വീണ്ടും ചൈനയുടെ സഹായം തേടേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ശ്രീലങ്കന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 9:01 pm

ന്യൂദല്‍ഹി: ഇന്ത്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും നിക്ഷേപം നടത്തിയില്ലെങ്കില്‍ ചൈനയില്‍ നിന്ന് വീണ്ടും ധനസഹായം തേടേണ്ടിവരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ.

ബദല്‍ സഹായമില്ലെങ്കില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ചൈനയിലെ ഭീമന്‍ വണ്‍ ബെല്‍റ്റ് ആന്‍ഡ് വണ്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയിലേക്ക് തിരിയുമെന്ന് രാജപക്‌സെ പറഞ്ഞു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോതാബയുടെ അഭിപ്രായപ്രകടനം.

ശ്രീലങ്ക പരമ്പാരഗതമായി ഇന്ത്യയുമായി സഖ്യത്തിലാണെങ്കിലും ഗോതാബയുടെ സഹോദരന്‍ മഹീന്ദ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന 2005- 2015 കാലഘട്ടത്തില്‍ ശ്രീലങ്ക ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഏഴ് ബില്യണ്‍ ഡോളര്‍ വായ്പയായും നിക്ഷേപമായും നേടിയിരുന്നു.

” ഇന്ത്യ, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 16 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യ വിദേശയാത്രയുടെ ഭാഗമായി ഗോതബയ രാജപക്‌സെ ഇന്ത്യയില്‍ എത്തിയിരുന്നു.

” ശ്രീലങ്കയില്‍ നിക്ഷേപം നടത്താനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കാനും തങ്ങളുടെ രാജ്യത്തെ കമ്പനികളോട് ഇന്ത്യപോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് മാത്രമല്ല, ഏഷ്യയിലെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മറ്റ് രാജ്യങ്ങള്‍ ബദല്‍ തന്നില്ലെങ്കില്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ചൈനക്കാര്‍ മുന്‍കൈയെടുക്കും.” അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സൈനികവും തന്ത്രപരവുമായ സ്വാധീനം ശക്തിപ്പെടുത്തുന്നതിനാല്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ കുറിച്ച് ഇന്ത്യ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലായി തുറമുഖങ്ങള്‍, റെയില്‍വേ, റോഡുകള്‍, വ്യാവസായിക പാര്‍ക്കുകള്‍ എന്നിവയ്ക്കായി നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ചൈന അനുവദിച്ചിട്ടുണ്ട്.
സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ വിദേശ-പ്രതിരോധ മന്ത്രിമാര്‍ ജപ്പാനില്‍ നിന്നുള്ളവരുമായി ശനിയാഴ്ച ചര്‍ച്ച നടത്തി.

യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള പ്രധാന ഷിപ്പിംഗ് പാതകളില്‍ പ്രവര്‍ത്തിക്കുന്ന കൊളംബോയുടെ തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ ഹംബന്റോട്ട തുറമുഖത്തെക്കുറിച്ച് ചൈനയുമായി കരാര്‍ പുനരാലോചന നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഗോതബയ രാജപക്‌സ വ്യക്തമാക്കി.
” ഹംബന്റോട്ട പോലെ തന്ത്രപ്രധാനമായ എല്ലാ പദ്ധതികളുടെയും നിയന്ത്രണം ശ്രീലങ്കന്‍ സര്‍ക്കാരിന് ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

നിര്‍മാണത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു കഴിയാതിരുന്നതിനെത്തുടര്‍ന്ന് 2017 ല്‍ തുറമുഖം ചൈനയ്ക്ക് കൈമാറാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായി.

വണ്‍ ബെല്‍റ്റ് ആന്‍ഡ് വണ്‍റോഡിന് കീഴില്‍ ചൈനീസ് വായ്പയെടുത്ത രാജ്യങ്ങള്‍ കടക്കെണിയില്‍ അകപ്പെടുമെന്ന് ഇന്ത്യയും ചില പാശ്ചാത്യ രാജ്യങ്ങളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്.