|

ഫലസ്തീന് അടിയന്തര മാനുഷിക സഹായങ്ങള്‍ നല്‍കും: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇസ്രഈല്‍ ആക്രമണത്തില്‍ വലയുന്ന ഫലസ്തീന്‍ ജനതക്ക് സഹായമെത്തിക്കുമെന്ന് ചൈന. ഐക്യരാഷ്ട്ര സംഘടനകള്‍ വഴി രാജ്യത്തിന്റെ അടിയന്തര മാനുഷിക സഹായം ഗസയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് വിദേശ കാര്യ മന്ത്രി വാങ് യി അറിയിച്ചു.

ഫലസ്തീന്‍ വിഷയം സമാധാനപരമായി പരിഹരിക്കണമെന്ന് വാങ് യി അറിയിച്ചു. നീതിയുടെയും മനസാക്ഷിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഒപ്പമാണ് രാജ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രശ്‌നപരിഹാരത്തിന് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ വേണം. സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള അടിയന്തര കൂടിയാലോചന യോഗങ്ങളില്‍ രാജ്യം സജീവമായി പങ്കെടുക്കുമെന്നും ചൈന അറിയിച്ചു.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൈനയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി ഷായ് ജുന്‍ അറബ് ലീഗിലെ മുതിര്‍ന്ന അംഗങ്ങളുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന അറബ് ലീഗിനെ ചൈന ശക്തമായി പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീന്‍, ഇസ്രഈല്‍ എന്നീ രണ്ട് രാജ്യങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം സാക്ഷാത്കരിക്കുന്നതിന് ദ്വിരാഷ്ട്രമാണ് പരിഹാരം. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും ഷായ് ജുന്‍ പറഞ്ഞിരുന്നു.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈജിപ്ത്, ഫലസ്തീന്‍ അതോറിറ്റി, ഇസ്രഈല്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഷായ് സംസാരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: China will help the Palestinian people suffering from Israeli aggression