| Saturday, 17th December 2022, 7:34 pm

അര്‍ജന്റീനയും ഫ്രാന്‍സുമല്ല... ചൈനയാണ് ഈ ലോകകപ്പിലെ യഥാര്‍ത്ഥ ചാമ്പ്യന്‍

എഡ്‌വിന്‍ ജോയ്

അറബ് ലോകത്തെ ഏറ്റവും വലിയ പൂരത്തിന് കൊടിയിറങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. പതിനെട്ടാം തീയതി അര്‍ജന്റീനയോ ഫ്രാന്‍സോ ആ സ്വര്‍ണ്ണ കപ്പില്‍ മുത്തമിടുമ്പോള്‍ ഖത്തര്‍ എന്ന രാജ്യം സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് നടന്നടുക്കും.

എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ ഈ കായിക മാമാങ്കത്തില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ജേതാവ്? ഈ ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തറാണോ? ആ മോഹകപ്പില്‍ ഈ ഞായറാഴ്ച മുത്തമിടാന്‍ പോകുന്ന അര്‍ജന്റീനയോ ഫ്രാന്‍സോ ആണോ? ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊയാണോ?

എന്നാല്‍ യഥാര്‍ത്ഥ ചാമ്പ്യന്‍ ഇവരാരുമല്ല; അത് ആദ്യമായും അവസാനമായും 2002ല്‍ ഫിഫ ലോകകപ്പില്‍ കളിച്ച ചൈനയാണ്..!

ലോകത്തെ മാറ്റുന്ന ഉടമ്പടികള്‍

ഒരു ഫുട്‌ബോള്‍ ലോകകപ്പ് എന്നത് ഒരുപാട് രാജ്യങ്ങള്‍ സംഗമിക്കുന്ന വേദിയാണ്. ഒരുപാട് രാഷ്ട്രത്തലവന്മാരും പ്രതിനിധികളും അവിടേക്ക് വരും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഡിപ്ലോമറ്റിക് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഫിഫ ലോകകപ്പ്. ഈ ദിവസങ്ങളില്‍ പല രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഖത്തറിലേക്ക് വന്നു. അവര്‍ വരുന്നത് അവരുടെ ടീമിനെ പിന്തുണയ്ക്കാനോ, ഡ്രസിങ്ങ് റൂമില്‍ ചെന്ന് ആ ടീമിലെ കളിക്കാര്‍ക്ക് ആശംസ നേരാനോ മാത്രമല്ല; അതിനോടൊപ്പം തന്നെ ഒരുപാട് രാഷ്ട്രീയ-സാമ്പത്തിക ചര്‍ച്ചകളും ഇടപെടലുകളും അണിയറയില്‍ പുരോഗമിക്കുന്നുണ്ടാകും.

ഈ ലോകകപ്പിനിടെ അതിപ്രധാനമായ രണ്ടുകാര്യങ്ങള്‍ അറബ് ലോകത്ത് ഈ നാളുകളില്‍ സംഭവിച്ചു; പാശ്ചാത്യ മാധ്യമങ്ങളും, അതോടൊപ്പം പശ്ചാത്യ മാധ്യമങ്ങളെ പിന്‍പറ്റി ജീവിക്കുന്ന കേരളത്തിലെ അടക്കം മാധ്യമങ്ങളും അത് തള്ളിക്കളഞ്ഞു. എന്നാല്‍ ‘പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നു’ എന്ന് പറഞ്ഞപോലെ അറബ് ലോകത്ത് നടന്ന ഈ രണ്ടു സംഭാവികാസങ്ങള്‍ ആഗോള രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ ഉണ്ടാക്കാന്‍ പോകുന്ന തരംഗങ്ങള്‍ ചെറുതായിരിക്കില്ല.

ആദ്യത്തെ സംഭവം ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട സമാനതകളില്ലാത്ത ഒരു കാര്യമായിരുന്നു. നമുക്കറിയാം ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വിഭവങ്ങള്‍ കൊണ്ടും പ്രകൃതിവാതകം കൊണ്ടും സമ്പന്നമായ പ്രദേശമാണ്. അതില്‍ തന്നെ ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു രാജ്യമാണ്.

ഇക്കഴിഞ്ഞ നവംബര്‍ 21ന് ചൈനയ്ക്ക് പ്രകൃതിവാതകം നല്‍കാന്‍ ഉള്ള ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവച്ചു. അതും 27 വര്‍ഷത്തേക്ക്. ഇത്രയും നീണ്ട കാലയളവുള്ള ഒരു കരാര്‍ മുമ്പെങ്ങും പ്രകൃതിവാതകവുമായി ബന്ധപ്പെട്ട മേഖലയില്‍ ഉണ്ടായിട്ടില്ല.

ഏറ്റവും കൂടുതല്‍ പ്രകൃതിവാതകമുള്ള മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. ലോകത്തിന്റെ 12.5% പ്രകൃതിവാതകവും ഖത്തറില്‍ നിന്നാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ചൈനയുടെ തന്നെ അടുത്ത സുഹൃത്തുക്കളായ റഷ്യയും ഇറാനും. യഥാക്രമം 24.3%, 17.3% ആണ് ആഗോള തലത്തില്‍ ഇവരുടെ ഷെയര്‍. അതായത് ഏതാണ്ട് 54% വരുന്ന പ്രകൃതിവാതകം ചൈനയുടെ പോക്കറ്റില്‍ സേഫാണ്.

മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് സൗദി അറേബ്യയിലേക്ക് നടത്തിയ പര്യടനം. സൗദിയില്‍ വെച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് പ്രഥമ ചൈന-അറബ് സ്റ്റേറ്റ്‌സ് ഉച്ചകോടി (China-Arab States Summit) നടന്നു. അറബ് ലീഗിലുള്‍പ്പെട്ട 21 രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിനിധികള്‍ ആ ഉച്ചകോടിയില്‍ പങ്കെടുത്തു.

1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന് ശേഷം ചൈനയും അറബ് ലോകവും തമ്മിലുള്ള ഏറ്റവും വലുതും ഉന്നതവുമായ നയതന്ത്ര സംഭവമാണ് ചൈന ആദ്യം ജി.സി.സി രാജ്യങ്ങള്‍ക്കൊപ്പവും പിന്നീട് മറ്റ് അറബ് രാജ്യങ്ങളുമായി നടന്ന പ്രഥമ ചൈന-അറബ് സ്റ്റേറ്റ്‌സ് ഉച്ചകോടി.

എന്തുകൊണ്ടാണ് ഈ ഉച്ചകോടി പ്രധാനപ്പെട്ടതാകുന്നത്?

അറബ് രാജ്യങ്ങള്‍, പ്രത്യേകിച്ച് രാജഭരണമുള്ള പ്രദേശങ്ങള്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും അറബ് മേഖലയിലെ അടുത്ത സുഹൃത്തുക്കളായി പ്രവര്‍ത്തിച്ചിരുന്ന രാജ്യങ്ങളായിരുന്നു. ശീത യുദ്ധകാലത്താണ് ഈ ബന്ധം രൂപപ്പെടുന്നതും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്നതും. എന്നാല്‍ മാറുന്ന ലോക ക്രമത്തിനനുസരിച്ച് പുതിയ രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്താന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായിരിക്കുകയാണ്.

അതായത് ഭാവിയില്‍ ചൈനയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കുവാനും അറബ് രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുവാനും ഈ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ഉച്ചകോടി ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള പുതിയൊരു തുടക്കത്തിന്റെ, ഒരു നവയുഗ നിര്‍മാണത്തിന്റെ നാഴികക്കല്ലായി മാറിയത് എന്ന് ഷീ ജിന്‍ പിങ് പറഞ്ഞത്.

ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടാം തീയതി സൗദി അറേബ്യയിലെ ആദ്യത്തെ സര്‍വകലാശാലയായ കിങ് സൗദ് യൂണിവേഴ്‌സിറ്റി ഷി ചിന്‍ പിങിന് ആദരസൂചകമായി ഡോക്ടറേറ്റ് നല്‍കിയത് ഈ ഊഷ്മളതയുടെ ഏറ്റവും പ്രകടമായ തെളിവാണ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇവിടെയാണ് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് നടത്തിയ പര്യടനവുമായി ഈ സംഭവവികാസങ്ങള്‍ കൂട്ടിവായിക്കേണ്ടത്. എണ്ണ തേടിപ്പോയ ബൈഡന് നിരാശയായിരുന്നു ഫലം. അമേരിക്കന്‍ പ്രസിഡന്റിന് ലഭിച്ച സ്വീകരണം വളരെ തണുപ്പന്‍ മട്ടിലുള്ളതായിരുന്നു. അതേസമയം ചൈനീസ് പ്രസിഡന്റിന് ലഭിച്ചത് വളരെ ഉജ്ജ്വലമായ സ്വീകരണമായിരുന്നു. ഇത്തരം കാര്യങ്ങള്‍, അല്ലെങ്കില്‍ നേതാക്കന്മാര്‍ തമ്മിലുള്ള ആംഗ്യങ്ങള്‍ പോലും ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിനോടുള്ള മനോഭാവം എങ്ങനെ ഉള്ളതായിരിക്കും എന്നതിന്റെ തെളിവാണ്.

പട്ടില്‍ തുന്നിച്ചേര്‍ത്ത ചരിത്രം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുതന്നെ ചൈനയും അറബ് രാജ്യങ്ങളും തമ്മില്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് പ്രാചീന കാലത്തെ പട്ടുപാതയുമായി (Silk Road) ബന്ധപ്പെട്ട വ്യാപാര ബന്ധങ്ങള്‍. അറബ് രാജ്യങ്ങളിലെ നേതാക്കന്മാരും ചൈനീസ് പ്രസിഡന്റും ഈ ഒരു ചരിത്രബന്ധം ഉച്ചകോടിയിലൂടനീളവും അതിനുശേഷവും പരാമര്‍ശിക്കുകയുണ്ടായി.

എന്നാല്‍ ആധുനിക ലോകത്ത് ചൈനയുടെ ഏറ്റവും വലിയ പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി (Belt and Road Initiative) അല്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പട്ടുപാത എന്നറിയപ്പെടുന്ന ഈ പദ്ധതിയിലും അറബ് രാജ്യങ്ങള്‍ പങ്കാളികളാണ്.

ഇന്ന് സൗദി അറേബ്യ, ഒമാന്‍ ബഹ്‌റൈന്‍, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍ എന്നീ ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ലോകത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈന-അറബ് ബന്ധം കഴിഞ്ഞ ദശാബ്ദത്തില്‍ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയുയും, പല മേഖലകളിലും ഗണ്യമായ പുരോഗതി കാണുകയും ചെയ്തു.

വ്യക്തിഗതമായി ചൈന 12 അറബ് രാജ്യങ്ങളുമായി സമഗ്രമായ തന്ത്രപരമായ പങ്കാളിത്തവും (Comprehensive Strategic Partnership), തന്ത്രപരമായ പങ്കാളിത്തവും (Strategic Partnership) സ്ഥാപിച്ചിട്ടുണ്ട്. ചൈനയും അറബ് ലോകവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021ല്‍ 330.3 ബില്യണ്‍ ഡോളറില്‍ എത്തി. ഒരു ദശാബ്ദം മുന്‍പുള്ളതിനേക്കാള്‍ 1.5 മടങ്ങ് കൂടുതലാണ് ഇത്.

2022ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ ഏകദേശം 319.3 ബില്യണ്‍ ഡോളര്‍ വ്യാപാരം കൈവരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജി.സി.സി രാജ്യങ്ങള്‍ പെട്രോള്‍ കെമിക്കല്‍ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി തുടരുന്നു. 2021ല്‍ 200 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്.

വിന്‍-വിന്‍ പോളിസി

എങ്ങനെയാണ് ചൈന ഒരേസമയം ഇറാനുമായും മറ്റ് അറബ് രാജ്യങ്ങളുമായി വളരെ ഊഷ്മളമായ ബന്ധം സ്ഥാപിച്ചു മുന്നോട്ടുപോകുന്നത്? നമുക്കറിയാം ഇറാനും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഇത്തരം സംഘര്‍ഷങ്ങള്‍ ചൈനയെ ബാധിക്കുന്നില്ലെന്ന് മാത്രമല്ല ആ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ച് അമേരിക്കയുടെ പോലെ ആ മേഖലയ്ക്കകത്ത് ആധിപത്യം സ്ഥാപിക്കാന്‍ ചൈന ഉദ്ദേശിക്കുന്നില്ല.

ഇവിടത്തെ ഏറ്റവും വലിയ ഘടകമാണ് ചൈനയുടെ വിന്‍-വിന്‍ പോളിസി. അതായത് നമ്മള്‍ പരസ്പരം സഹകരിച്ചാല്‍ നമ്മള്‍ക്ക് രണ്ടുപേര്‍ക്കും ഗുണമുണ്ടാകും എന്ന ഒരു തത്ത്വം. അതേസമയം അമേരിക്കയുടേത് Zero-Sum നയമാണ്. അതായത് നീ പരാജയപ്പെടണം ഞാന്‍ ജയിക്കണമെങ്കില്‍ എന്ന തത്വം.

അറബ് രാജ്യങ്ങള്‍ക്ക് ഇത് നന്നായിട്ടറിയാം. അതുകൊണ്ടാണ് വര്‍ത്തമാനകാലത്ത് ലോക ക്രമത്തില്‍ അമേരിക്കയുടെ ആധിപത്യം കുറയുന്ന ഈ സാഹചര്യത്തില്‍ അതോടൊപ്പം അറബ് രാജ്യങ്ങളുടെ പ്രസക്തി വര്‍ധിക്കുന്ന ഈ ഘട്ടത്തില്‍ അറബ് രാജ്യങ്ങള്‍ ചൈനയുമായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറാവുന്നത്. സൗദി അറേബ്യയും ഈജിപ്തും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ BRICS (Brazil, Russia, India, China, South Africa) കൂട്ടായ്മയില്‍ ചേരാന്‍ ശ്രമിക്കുന്നത്.

‘വേഗത്തില്‍ പോകണമെങ്കില്‍ ഒറ്റക്ക് പോകണം, ഒരുപാട് ദൂരം പോകണമെങ്കില്‍ ഒന്നിച്ച് പോകണം.’ എന്ന ആഫ്രിക്കന്‍ പഴമൊഴി പ്രസക്തമാവുന്നത് ഇവിടെയാണ്. ചൈനയുമൊത്ത് ഒരുപാട് ദൂരങ്ങള്‍ സഞ്ചരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു. ഈ വരുന്ന പതിനെട്ടാം തിയ്യതി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുമ്പേ ചൈന ചാമ്പ്യന്മാരായി തീര്‍ന്നിരിക്കുന്നു.

Content Highlight: China will be the real champion of the Qatar World Cup

എഡ്‌വിന്‍ ജോയ്

We use cookies to give you the best possible experience. Learn more