| Sunday, 23rd October 2022, 3:38 pm

2035 മുതല്‍ ശക്തവും സമ്പന്നവും ജനാധിപത്യപരവുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ കെട്ടിപ്പടുക്കും: സി.പി.സി പാര്‍ട്ടി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സി.പി.സി)യുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ചൈനീസ് പ്രസിഡന്റായ ഷി ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്.

മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്ര നേട്ടവും ഷിയ്ക്ക് സ്വന്തം. ലി ക്വിയാങ് ആണ് ചൈനയുടെ പുതിയ പ്രധാനമന്ത്രി.

ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തിലാണ് പൊളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

205 പൂര്‍ണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമ്മീഷനെയും തെരഞ്ഞെടുത്തു.

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും സ്വയം സമര്‍പ്പിതരാകാന്‍ ചൈനീസ് ജനതയോട് ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് അഭ്യര്‍ത്ഥിച്ചു. സി.പി.സി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ യുഗത്തിലേക്കുള്ള യാത്രയില്‍ പാര്‍ട്ടി പുതിയതും വലിയതുമായ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങള്‍. അതിന് രാജ്യം പ്രാപ്തമാണ്,’ ഷി പറഞ്ഞു.

ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസമെന്ന മഹത്തായ ആശയം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണം. മാര്‍ക്സിസത്തെ അടിസ്ഥാനപ്രമാണമാക്കി ചൈനയുടെ യാഥാര്‍ഥ്യങ്ങളോട് കൂട്ടിയിണക്കണം. പാര്‍ട്ടി രൂപീകരിച്ചിട്ട് 100 വര്‍ഷം പിന്നിട്ടു. അടുത്ത ശതാബ്ദിയിലേക്കുള്ള ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ഒരു മനസ്സാലെ ഏറ്റെടുക്കണമെന്നും ഷി കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നേതൃതലത്തില്‍ ഷി ജിന്‍പിങ്ങിന്റെ കാതലായ പദവിയും സി.പി.സിയില്‍ ‘ഷി ചിന്ത’യുടെ മാര്‍ഗനിര്‍ദേശകപരമായ പങ്കും ഉറപ്പിക്കുന്ന പാര്‍ട്ടി ഭരണഘടനാ ഭേദഗതികള്‍ക്കും കോണ്‍ഗ്രസ് അംഗീകാരം നല്‍കി. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ‘ഷി ജിന്‍പിങ് ചിന്ത’ സമകാലിക ചൈനയുടെയും 21ാം നൂറ്റാണ്ടിന്റെയും മാര്‍ക്‌സിസമാണ്, അത് ചൈനീസ് സംസ്‌കാരവും ധാര്‍മികതയും ഉള്‍ച്ചേരുന്നു- എന്നും ഭേദഗതിയില്‍ എടുത്തുപറയുന്നു.

2020 മുതല്‍ 2035 വരെ സോഷ്യലിസ്റ്റ് നവീകരണം സാക്ഷാത്കരിക്കുക, 2035 മുതല്‍ ഈ നൂറ്റാണ്ടിന്റെ പകുതി വരെ സമ്പന്നവും ശക്തവും ജനാധിപത്യപരവും സാംസ്‌കാരികമായി പുരോഗമിച്ചതും യോജിപ്പുള്ളതും മനോഹരവുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ കെട്ടിപ്പടുക്കുക എന്നിങ്ങനെ രണ്ടുഘട്ടമാണ് ഇതിനായി നിര്‍ദേശിക്കുന്നത്.

അതേസമയം, പ്രായാധിക്യത്താല്‍ അസുഖങ്ങള്‍ നേരിടുന്ന 79കാരനായ മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ സമാപന സമ്മേളനവേദിയില്‍ നിന്ന് സഹായികള്‍ കൂട്ടികൊണ്ടുപോയത് പാശ്ചാത്യ മാധ്യമങ്ങള്‍ ചൈനക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കി ചിത്രീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന വേദിയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് പുറത്താക്കി എന്ന തരത്തിലാണ് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിച്ചത്. ചൈന ഔദ്യോഗികമായി സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Content Highlight: China will be build into a strong, prosperous and democratic modern socialist country from 2035: CPC Party Congress

We use cookies to give you the best possible experience. Learn more