തൃശൂര്‍: ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന ചൈനയെ അമേരിക്ക കടന്നാക്രമിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
ചൈനയെ അമേരിക്ക കടന്നാക്രമിക്കുമ്പോള്‍ അതിനൊപ്പം ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും ചേരുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ ഉപയോഗത്തിലടക്കമുള്ള ചൈനയുടെ ഇടപെടലിനെ കുറിച്ചും എം.വി ഗോവിന്ദന്‍ സംസാരിച്ചു. എ.ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടുകയും പ്രതിസന്ധിയും വൈരുധ്യവും വര്‍ധിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജനകീയ ചൈന ഇതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പൊതുജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് അവര്‍ അത് ഉപയോഗിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം കുത്തക മുതലാളിമാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന എ.ഐ സംവിധാനമല്ല ചൈനയിലേതെന്നും പറഞ്ഞു.
അതേസമയം അമേരിക്കയില്‍ നിന്നും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു.
കൈയ്ക്കും കാലിനും വിലങ്ങണിയിച്ചാണ് ആളുകളെ നാടുകടത്തിയതെന്നും ചെറിയ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തിട്ടും ഇന്ത്യ മാത്രം ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ വിദേശകാര്യമന്ത്രിയടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ചെലവിലാണ് ദല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതെന്നും കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാടുകള്‍ക്കെതിരെ അതിശക്തമായ സമരം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: China, which is advancing far, is being attacked by the United States and countries including India: M.V. Govindan