യു.എസിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അവിടെ അനാവശ്യമായ ചോദ്യം ചെയ്യലുകളും ഉപദ്രവങ്ങളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി ചൈന.
ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങളുടെ ഒരുപാട് കമ്പനി ജീവനക്കാരും ചൈനീസ് വിദ്യാര്‍ത്ഥികളും യു.എസിന്റെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് വിധേയരായതായി മന്ത്രാലയം പറയുന്നു.
ആവശ്യമില്ലാതെ അവരുടെ കംപ്യൂട്ടറുകളും ഫോണുകളും ലഗേജുകളും ഓരോന്നായി സെര്‍ച്ച് ചെയ്യുകയാണെന്നും മന്ത്രാലയം പറഞ്ഞു. ഒപ്പം നിരവധി ആളുകളെ യു.എസിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതായും പറയുന്നു.
ആവശ്യമായ യാത്രാ രേഖകള്‍ കൈയില്‍ ഉണ്ടായിട്ടും വാഷിങ്ടണിലെ ഡുള്ളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രം എട്ട് ചൈനീസ് വിദ്യാര്‍ത്ഥികളെങ്കിലും സെര്‍ച്ച് ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും തിരികെ മടങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘വിദേശകാര്യ മന്ത്രാലയവും യു.എസിലെ ചൈനീസ് എംബസിയും കോണ്‍സുലേറ്റുകളും ഇതിനെ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ യു.എസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അറിഞ്ഞിരിക്കാനാണ് ഈ കാര്യം മുന്നറിയിപ്പായി നല്‍കുന്നത്,’ ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നു.
Content Highlight: China Warns Their Citizens Who Plan To Visit US