| Thursday, 30th August 2018, 10:38 pm

സാങ്‌പോ നദിയിലെ ജലനിരപ്പില്‍ വര്‍ദ്ധന: ആസ്സാമിലും അരുണാചലിലും വെള്ളപ്പൊക്കത്തിനു സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറ്റാനഗര്‍: ആസ്സാമിലും അരുണാചല്‍ പ്രദേശിലും കനത്ത വെള്ളപ്പൊക്കത്തിനു സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. സാങ്‌പോ നദിയില്‍ ജലനിരപ്പു വര്‍ദ്ധിക്കുന്നതിനാല്‍ ബ്രഹ്മപുത്രയിലേക്ക് അധികജലം ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്നും, ഇത് സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കിയേക്കാമെന്നും ചൈന അറിയിച്ചതായി അരുണാചല്‍ എം.പി നിനോങ് എറിങ് പറയുന്നു.

സാങ്‌പോ നദിയില്‍ നൂറ്റിയന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇപ്പോഴുള്ളതെന്നും അതേത്തുടര്‍ന്നാണ് ചൈന ഇന്ത്യയ്ക്ക് വിവരം കൈമാറിയിരിക്കുന്നതെന്നും കേന്ദ്ര ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 9020 ക്യുമെക്‌സ് വെള്ളമാണ് നദിയിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.

Also Read: കേരളത്തിലെ പ്രളയദുരിതം മനുഷ്യനിര്‍മ്മിതമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ചൈന നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം വിവിധ ജില്ലകളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സിയാങ് നദിയിലുണ്ടായ അസാധാരണമായ തിരയിളക്കങ്ങള്‍ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നും, നദിയിലിറങ്ങരുതെന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അരുണാചലിലെ ജില്ലാ ഭരണകൂടങ്ങള്‍ അറിയിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സിയാങ് നദി കലങ്ങിമറിഞ്ഞൊഴുകാനാരംഭിച്ചതിനെത്തുടര്‍ന്ന് ചൈനയുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ചൈനയുടെ ഭാഗത്തു നടക്കുന്ന നിര്‍മാണ പ്രവൃത്തികളാണ് നദീജലം കലങ്ങിയൊഴുകാന്‍ കാരണമെന്നാണ് എറിങ്ങിന്റെ ആരോപണം.

We use cookies to give you the best possible experience. Learn more