കസാക്കിസ്താനില്‍ അജ്ഞാത ന്യൂമോണിയ, കൊവിഡിനേക്കാള്‍ അപകടകരം, മുന്നറിയിപ്പുമായി ചൈന , എതിര്‍പ്പുമായി കസാക്കിസ്താന്‍
World News
കസാക്കിസ്താനില്‍ അജ്ഞാത ന്യൂമോണിയ, കൊവിഡിനേക്കാള്‍ അപകടകരം, മുന്നറിയിപ്പുമായി ചൈന , എതിര്‍പ്പുമായി കസാക്കിസ്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th July 2020, 8:06 pm

അജ്ഞാത ന്യൂമോണിയ ബാധ കസാക്കിസ്താനില്‍ പടരുന്നെന്ന മുന്നറിയിപ്പുമായി ചൈനീസ് എംബസി. ജൂണ്‍ മാസത്തില്‍ കസാക്കിസ്താനില്‍ 600 ലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് മുന്നറിയിപ്പ്.

കൊവിഡിനേക്കാള്‍ കൂടിയ മരണ നിരക്കാണ് ഇവിടത്തെ അജ്ഞാത ന്യൂമോണിയ മൂലമുണ്ടാവുന്നതെന്നാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി ഇറക്കിയ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നത്.

ഉയിഗൂര്‍ വംശജരുടെ പ്രദേശമായ ചൈനയിലെ സിന്‍ജിയാങ്ങുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താന്‍.

‘ ഈ വര്‍ഷം ആറ് മാസത്തിനിടെ 1772 മരണങ്ങളാണ് ആ അജ്ഞാത ന്യൂമോണിയ മൂലം ഉണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ മാത്രം 628 പേര്‍ മരിച്ചു, ഇതില്‍ ചൈനീസ് പൗരരും ഉള്‍പ്പെടുന്നു,’ ചൈനീസ് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ചൈനീസ് പൗരന്‍മാരോട് സുരക്ഷിതരായിരിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേ സമയം ചൈനീസ് സര്‍ക്കാരില്‍ നിന്നും വന്ന അറിയിപ്പ് തെറ്റാണെന്നാണ് കസാക്കിസ്താന്‍ ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചൈനീസ് എംബസി പറയുന്ന ന്യൂമോണിയ ബാധ പുതിയതോ അജ്ഞാതമോ ആണെന്ന വാദത്തെയാണ് കസാക്കിസ്താന്‍ തിരസ്‌കരിച്ചത്.

‘കസാക്കിസ്താന്‍ ആരോഗ്യവകുപ്പും മറ്റ് ഏജന്‍സികളും വിശദമായ ഗവേഷണം നടത്തുന്നുണ്ട്. ഇതുവരെയും ഈ ന്യൂമോണിയ വൈറസിന്റെ സ്വഭാവം നിര്‍ണയിച്ചിട്ടില്ല,’ കസാക്കിസ്താന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു വൈറസ് ബാധ രാജ്യത്തുണ്ടെന്ന് ഇന്ന് കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കസാക്കിസ്താനിലെ പ്രമുഖ ന്യൂസ് ഏജന്‍സിയായ കസിന്‍ഫോമിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഈ വൈറസ് ബാധയുടെ ഇരട്ടിയാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍.

ദിനംപ്രതി 200 പേര്‍ രോഗബാധയുടെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 300 ലേറെ പേരെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ കുറച്ചു പേര്‍ വീട്ടില്‍ നിന്നും ചികിത്സ തേടുന്നുണ്ട്,’ കസാക്കിസ്താന്‍ തലസ്ഥാനമായ നര്‍സല്‍താനിലെ ആരോഗ്യമേഖലയെ ഉദ്ദരിച്ചു കൊണ്ട് കസിന്‍ഫോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ