ജയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകര പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യന്‍ നീക്കം ചൈന വീണ്ടും തടഞ്ഞു
Daily News
ജയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകര പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യന്‍ നീക്കം ചൈന വീണ്ടും തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2016, 9:51 pm

ചൈന വീറ്റോ അധികാരം ഉപയോഗിച്ചതിനെ തുടര്‍ന്ന് നടപടി ആറ് മാസത്തേയ്ക്ക് കൂടി നീണ്ടുപോയിരിക്കുകയാണ്. ഇതിന് മുമ്പ് മാര്‍ച്ചിലാണ് ചൈന ഇന്ത്യന്‍ നീക്കം തടഞ്ഞത്.


ബെയ്ജിങ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകര പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യന്‍ നീക്കം വീണ്ടും ചൈന തടഞ്ഞു.

ചൈന വീറ്റോ അധികാരം ഉപയോഗിച്ചതിനെ തുടര്‍ന്ന് നടപടി ആറ് മാസത്തേയ്ക്ക് കൂടി നീണ്ടുപോയിരിക്കുകയാണ്. ഇതിന് മുമ്പ് മാര്‍ച്ചിലാണ് ചൈന ഇന്ത്യന്‍ നീക്കം തടഞ്ഞത്.

നേരത്തെ പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു അസ്ഹറിനെ ഭീകര പട്ടികയില്‍ പെടുത്താനുള്ള ആവശ്യം ഉയര്‍ത്തി ഇന്ത്യ യു.എന്‍ സമിതിയെ സമീപിച്ചത്. എന്നാല്‍ ഭീകരപട്ടികയില്‍ പെടുത്താനുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതല്ല ഇന്ത്യയുടെ ആവശ്യം എന്ന് വാദിച്ചായിരുന്നു ചൈനയുടെ എതിര്‍പ്പ്.

ഇതിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും തടസവാദവുമായി ചൈന രംഗത്തെത്തിയത്. ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അപേക്ഷയില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താല്‍ക്കാലികാംഗങ്ങളും അടക്കം 15 രാജ്യങ്ങളില്‍ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തോട് എതിര്‍പ്പുയര്‍ത്തിയത്. യാത്രാവിലക്ക്, സ്വത്ത് മരവിപ്പിക്കല്‍ എന്നിവയടക്കം രക്ഷാസമിതിയുടെ 1267-ാം നമ്പര്‍ കമ്മിറ്റിയുടെ പരിഗണനയിലുള്ള ഉപരോധ നടപടികളിലുണ്ട്.

എന്‍.എസ്.ജി (ആണവ ഗ്രൂപ്പ്) അംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ ചൈന എതിര്‍ത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. ഈ മാസം 15, 16 തീയതികളില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഗോവയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഇന്ത്യക്കെതിരെ ചൈനയുടെ നീക്കം.