ബെയ്ജിങ്ങ്: ചൈനയും അമേരിക്കും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നത് ഇരുകൂട്ടര്‍ക്കും വിനാശമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ബൈഡനുമായി ടെലഫോണില്‍ സംസാരിക്കവെയായിരുന്നു ഷി ജിന്‍പിങിന്റെ പ്രതികരണം.
തര്‍ക്കങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കണമെന്നും സഹകരണത്തിലൂടെ അല്ലാതെ മുന്നോട്ട് പോകുന്നത് പ്രയാസകരമാകുമെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.
തെറ്റിധാരണകള്‍ ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കണമെന്ന നിര്‍ദേശമാണ് ചൈന മുന്നോട്ടുവെക്കുന്നത്.
ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
‘എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹം വലിയ ബുദ്ധിശാലിയും കര്‍ക്കശക്കാരനുമാണ്. പക്ഷേ അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ ഒരെല്ലില്ല. ഇതൊരു വിമര്‍ശനമായി പറയുന്നതല്ല, ഇതാണ് യാഥാര്‍ത്ഥ്യം,”എന്നും ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ ബെയ്ജിങ്ങും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം ട്രംപ് ഭരണത്തിന്‍ കീഴില്‍ രൂക്ഷമായിരുന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെയുണ്ടായിരുന്നു.
വ്യാപാര കരാറുകള്‍, കൊവിഡ് മഹാമാരി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ചൈനക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് വക്താവുമായി നേരത്തെ സംസാരിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ നേരത്തെ പറഞ്ഞിരുന്നു.
അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്.
വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ മാറ്റിയത് ട്രംപിന്റെ കാലത്താണ്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചതുര്‍രാഷ്ട്ര സഖ്യത്തിന് വലിയ പ്രാധാന്യം നല്‍കിയത്.